തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. പകരം തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രിയും ഐടി മന്ത്രിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ കാരണം ആണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.
സെപ്തംബർ 20ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ സ്റ്റാലിൻ മുഖ്യാതിഥി ആയിരുന്നു. എന്നാൽ സ്റ്റാലിൻ വരാത്തതിനെ പറ്റി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം അറിയിക്കാമെന്നും മന്ത്രി വി. എൻ വാസവൻ പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 3000 പ്രതിനിധികളെയാണ് ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.
ദേവസ്വം ബോർഡ് 75 ആം വാർഷികത്തിൻ്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.
ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് തലേദിവസം എത്തി ദര്‍ശനം നടത്തിയ ശേഷം സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്ന രൂപത്തിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും മന്ത്രി അറിയിച്ചിരുന്നു. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയില്‍ തീർഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ജര്‍മ്മന്‍ പന്തല്‍ നിര്‍മ്മിക്കും. ഭാവിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നും മന്ത്രിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.