ന്യൂഡല്‍ഹി: ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലായ ലൂത്ര സഹോദരന്മാരെ തായ്‌ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
തീപിടിത്തമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ നിശാക്ലബിന്റെ ഉടമകളായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയും തായ്‌ലാന്‍ഡിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ പൊലീസ് ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. തായ്‌ലാന്‍ഡ് പൊലീസ് പ്രതികളെ ഫുക്കറ്റില്‍ നിന്നും ബാങ്കോക്കില്‍ എത്തിക്കും. സുവര്‍ണഭൂമി വിമാനത്താവളത്തില്‍ എത്തിച്ചാല്‍ ഉടന്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയത്. പിന്നാലെ ഇവരെ തായ്‌ലാന്ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തങ്ങള്‍ക്ക് മേല്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നായിരുന്നു ലൂത്ര സഹോദരന്മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. എന്നാല്‍ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
തീപിടിത്തത്തില്‍ നിശാ ക്ലബ് ഉടമകള്‍ക്കതെിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ലൂത്ര സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് പൊളിച്ചുമാറ്റാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉടമകളായ സൗരഭ്, സഹോദരന്‍ ഗൗരവ് എന്നിവര്‍ തായ്ലാന്‍ഡിലേക്ക് കടന്നതിന് പിന്നാലെയാണ് നടപടി. ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പാര്‍ട്ടിക്കിടെ , കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികള്‍ പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറണ്‍ മുഴക്കുകയോ, ബേസ്‌മെന്റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാര്‍ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കിയിരുന്നു.
ജനറല്‍ മാനേജര്‍മാര്‍ അടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തു. പുറത്തേക്കുള്ള വാതിലിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ആളുകള്‍ ഇടുങ്ങിയ കോണിപടികളിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതും ബേസ്‌മെന്റില്‍ വെന്റിലേഷനില്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് കണ്ടെത്തല്‍. പലരും തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലുത്ര സഹോദരന്‍മാരുടെ ഗോവയിലെ രണ്ട് ക്ലബുകള്‍ അടച്ചപൂട്ടി. 2023ല്‍ ക്ലബിന് പ്രവര്‍ത്തനാനുമതി നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു . കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായി.