

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. ഡല്‍ഹിയിലെ വസതിയില്‍ പോയി നേരിട്ടെത്തി ക്ഷണിച്ചിരുന്നതാണെന്നും 12ന് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ച് മെയില്‍ അയിച്ചിരുന്നതായും അജി കൃഷ്ണന്‍ പറഞ്ഞു.
മെയില്‍ അയച്ച ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ വസതിയില്‍ പോയത്. വരാമെന്ന് തരൂര്‍ സമ്മതിച്ചിരുന്നതാണ്. പരിപാടി ഡയറിയില്‍ കുറിച്ചു വെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
അതേസമയം ശശി തരൂരിനെ നേരിട്ട് കണ്ട ദിവസം ഓര്‍മയില്ല. കോണ്‍ഗ്രസിലെ എതിര്‍പ്പ് കാരണമാണ് തരൂര്‍ എത്താത്തത്. തരൂര്‍ അവാര്‍ഡിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അജികൃഷ്ണന്‍ പറഞ്ഞു.
എച്ച്ആര്‍ഡിഎസ് ഏര്‍പ്പെടുത്തിയ പ്രഥമ വീര്‍ സവര്‍ക്കര്‍ ഇന്റര്‍നാഷണല്‍ ഇംപാക്ട് അവാര്‍ഡ് ആണ് ശശി തരൂരിന് നല്‍കാന്‍ തീരുമാനിച്ചത്. പുരസ്‌കാരം വാങ്ങാന്‍ ശശി തരൂര്‍ എത്തുമെന്ന് നേരത്തെ സംഘാടകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്നും അത് വാങ്ങാന്‍ പോകില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് തരൂരിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് അവാര്‍ഡ് വാങ്ങാന്‍ പോകില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്.