പ്രതീകാത്മക ചിത്രം Source: Meta AI
NATIONAL

നിക്ഷേപകരെ ആകർഷിക്കണം, ബിസിനസ് വർധിപ്പിക്കണം; ആന്ധ്രയിൽ മിനിമം ജോലി സമയം ഇനി 10 മണിക്കൂർ

അഞ്ച് മണിക്കൂർ ജോലിക്ക് ഒരു മണിക്കൂർ വിശ്രമം എന്നത്, 6 മണിക്കൂർ ജോലിക്ക് ഒരു മണിക്കൂർ വിശ്രമം എന്നാക്കി മാറ്റാനാണ് മന്ത്രിസഭയുടെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശിൽ മിനിമം ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാ‍ർ. നിർബന്ധിത ജോലി സമയം 10 മണിക്കൂറാക്കി കൂട്ടാനാണ് സർക്കാർ തീരുമാനം. ഒൻപത് മണിക്കൂർ ജോലി സമയം എന്ന നിയമമാണ് 10 മണിക്കൂറാക്കി കൂട്ടുന്നത്. തൊഴിൽ ചട്ടം മാറ്റാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ച് മണിക്കൂർ ജോലിക്ക് ഒരു മണിക്കൂർ വിശ്രമം എന്നത്, 6 മണിക്കൂർ ജോലിക്ക് ഒരു മണിക്കൂർ വിശ്രമം എന്നാക്കി മാറ്റാനാണ് മന്ത്രിസഭയുടെ തീരുമാനം. സംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് പുതിയ നീക്കമെന്നാണ് സർക്കാരിൻ്റെ വിശദീകരണം.

സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നതും സർക്കാരിൻ്റെ പരിഗണനയിലുണ്ട്. നേരത്തെ രാത്രികാല ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദമില്ലായിരുന്നു. എന്നാൽ ഗതാഗത സൗകര്യം, നിരീക്ഷണം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ തൊഴിൽ സമയം കൂട്ടുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടത്. തൊഴിലാളി വിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും എൻ‌ഡി‌എ സർക്കാരുകൾ 'തൊഴിലാളി വിരുദ്ധ' നയങ്ങൾ പിന്തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണയും വിമർശിച്ചു.

SCROLL FOR NEXT