NATIONAL

രാമായണത്തെ ആസ്പദമാക്കി 'ജിടിഎ' മാതൃകയിലുള്ള വീഡിയോ ഗെയിം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ് നമിത് മൽഹോത്ര

ഗെയിമിലൂടെ ജടായുവിനൊപ്പം പറക്കാനും രാവണനോട് യുദ്ധം ചെയ്യാനുമെല്ലാം സാധിക്കുന്ന തരത്തിലാണ് ഗെയിം രൂപകൽപ്പന ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികളെ ആവേശത്തിലാഴ്ത്തി ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ, ഭാരതീയ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി 'ജിടിഎ' മാതൃകയിലുള്ള ഒരു വീഡിയോ ഗെയിം അണിയറയിൽ ഒരുങ്ങുന്നതായി നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തി.

ഗെയിമിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും കൃത്യസമയത്ത് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമായണത്തെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റുന്നതിനൊപ്പം, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിലൂടെ ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കുക എന്നതാണ് ഈ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഎൻഇജി സ്ഥാപകൻ കൂടിയായ നമിത് മൽഹോത്ര പറഞ്ഞു.

ജിടിഎ മാതൃകയിലുള്ള ഒരു ഗെയിം ഉടൻ വരുന്നുണ്ട്. ശരിയായ സമയത്ത് ഞാൻ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. രാമായണത്തെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ഗെയിം. കുട്ടികൾ ജിടിഎ കളിക്കുന്നത് പോലെ തന്നെ ആവേശത്തോടെ രാമായണവും കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗെയിം കളിക്കുന്നതിനൊപ്പം അവർക്ക് ഇതിഹാസത്തെക്കുറിച്ച് പഠിക്കാനും സാധിക്കണം എന്ന് നമിത് മൽഹോത്ര പറഞ്ഞു.

സിനിമാ മേഖലയേക്കാൾ വലിയ വ്യവസായമായി ഗെയിമിംഗ് രംഗം വളർന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ കണ്ടതിന് ശേഷം അതിലെ ലോകത്തെക്കുറിച്ച് കൂടുതൽ ആവേശം തോന്നുന്ന പ്രേക്ഷകർക്ക്, ഗെയിമിലൂടെ ജടായുവിനൊപ്പം പറക്കാനും രാവണനോട് യുദ്ധം ചെയ്യാനുമെല്ലാം സാധിക്കുന്ന തരത്തിലാണ് ഗെയിം രൂപകൽപ്പന ചെയ്യുന്നത്.

വീഡിയോ ഗെയിമിന് പുറമെ തീം പാർക്കുകൾ, മ്യൂസിയങ്ങൾ, അനിമേഷൻ എന്നിവയിലൂടെ രാമായണത്തെ ലോകോത്തര ബ്രാൻഡാക്കി മാറ്റാനാണ് താൻ പദ്ധതിയിടുന്നതെന്നും, ലോകമെമ്പാടുമുള്ള മറ്റ് പ്രശസ്ത കഥകളോട് തോന്നുന്ന അതേ അഭിമാനം രാമായണത്തോടും എല്ലാവർക്കും തോന്നണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT