
എത്ര നേരം വേണമെങ്കിലും ആളുകളെ പിടിച്ചിരുത്താന്‍ കഴിവുള്ള ഒന്ന് വീഡിയോ ഗെയിമുകളാണ്. ഈ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ നിരവധി ഗെയിമുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാകും. അവയെല്ലാം അതിന്റെ ക്വാളിറ്റിയും ബജറ്റുമൊക്കെ അനുസരിച്ച് വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെട്ടുമിരിക്കും.
വീഡിയോ ഗെയിമിങ്ങിലേക്ക് വരുമ്പോള്‍ ''എഎഎ'' ഗെയിമുകളെ ഏറ്റവും മികച്ച ഗെയിമുകളായാണ് കണക്കാക്കുന്നത്. വീഡിയോ ഗെയിമുകള്‍ പൊതുവെ വലിയ ബജറ്റും വലിയ സ്‌കെയിലും മാര്‍ക്കറ്റിനോട് വലിയ പ്രതിബദ്ധതയും കാത്തു സൂക്ഷിക്കും. ജിടിഎ വൈസിറ്റി, റെഡ് ഡെഡ് റിഡംപ്ഷന്‍ 2, മുന്‍ ജിടിഎ ഗെയിമുകള്‍, നോട്ടി ഡോഗ്‌സ് ദ ലാസ്റ്റ് ഓഫ് അസ് പാര്‍ട്ട് 3, പാര്‍ട്ട് 1, ഗോഡ് ഓഫ് വാര്‍ റാഗ്നറോക്ക് തുടങ്ങിയ ഗെയിമുകളെല്ലാം എഎഎ ഗെയിമുകളാണ്.
വലിയ വിഭാഗം ആളുകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിഗ് ബജറ്റ് ഗെയിമുകളൊക്കെ ഇറങ്ങുന്നത്. എന്നാല്‍ ജിടിഎ 6 നെ അടുത്തിടെ ഒരു ഡെവലപ്പര്‍ ''എഎഎഎഎ ഗെയിം'' എന്നാണ് വിളിച്ചത്. എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്?
നിലവിലെ ബിഗ് ബജറ്റ് ഗെയിമുകളെന്നും മറ്റും വിളിക്കുന്ന പതിവ് ഗെയിമിംഗ് രീതികളെ പൊളിച്ചെഴുതാന്‍ ജിടിഎ 6ന് സാധിക്കുമെന്ന് പറയുന്നതിനെയാണ് ''എഎഎഎഎ'' എന്നതുകൊണ്ട് ഡെവലപ്പര്‍ ഉദ്ദേശിച്ചത്. ഡെവലപ്പര്‍ ഡിജിറ്റല്‍'സിന്റെ സഹസ്ഥാപകനായ നിഗെല്‍ ലൗറിയാണ് ഇത്തരത്തില്‍ ഒരു ടേം ആദ്യമായി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ജിടിഎ സീരിസിലേക്ക് വരുമ്പോള്‍ അതിന്റെ വ്യാപ്തിയും സ്‌കെയിലുമൊന്നും മറ്റൊന്നിന്റെയും അടുത്തെത്തില്ല. ഇവിടെ ''എഎഎ'' കാറ്റഗറിയില്‍ പെടുന്ന ഗെയിമുകളും ''എഎഎഎ'' ഗെയിമുകളും ഒക്കെയുണ്ട്. പക്ഷെ ജിടിഎ ''എഎഎഎഎ'' ഗെയിമാണെന്നായിരുന്നു നിഗെല്‍ പറഞ്ഞത്.
ഗെയിമിന്റെ വ്യാപ്തിയും സ്‌കെയിലുമെല്ലാം നോക്കുമ്പോള്‍ ജിടിഎയ്ക്കുള്ള സാംസ്‌കാരികമായ പ്രതിഫലനവും അതിന് കിട്ടുന്ന പ്രത്യേക ശ്രദ്ധയുമൊന്നും മറ്റൊന്നിനും ലഭിക്കില്ല. അത്രയ്ക്ക് ഹൈപ്പ് ആണ് ഇന്നും ജിടിഎയ്ക്ക് ലഭിക്കുന്നതെന്നാണ് നിഗെല്‍ പറയുന്നത്.
എന്തുകൊണ്ട് ഈ ഹൈപ്പ്?
ജിടിഎ 6 വീഡിയോ ഗെയിം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ലോഞ്ചാണ് നടത്താനൊരുങ്ങുന്നത്. മാത്രമല്ല, അനലിറ്റിക്‌സ് കമ്പനികള്‍ വലിയ സാമ്പത്തിക നേട്ടം തന്നെ ജിടിഎ 6 ലൂടെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. ജൂലൈയില്‍ കോണ്‍വോയുടെ മാനേജിങ് പാര്‍ട്ണര്‍ ആയ ജോഷ് ചാപ്മാന്‍ പറഞ്ഞത്, ജിടിഎ 6 ലോഞ്ച് ചെയ്ത് 60 ദിവസത്തിനുള്ളില്‍ 7.6 ബില്യണ്‍ ഡോളര്‍ എങ്കിലും നേടുമെന്നാണ്. ഗെയിമിന്റെ വില 80 ഡോളര്‍ ആയിരിക്കും. സാധാരണ ഒരു എഎഎ ഗെയിമിന് (പിഎസ്5, എക്‌സ് ബോക്‌സ് സീരീസ് എക്‌സ്/എസ്) 69.99 ഡോളര്‍ എങ്കിലും നല്‍കേണ്ടി വരും.
അടുത്ത യൂസര്‍ ജെനറേറ്റഡ് കോണ്‍ടെന്റ് പ്ലാറ്റ്‌ഫോമില്‍ ജിടിഎ 6ഉം സ്ഥാനം പിടിക്കും. ലോഞ്ച് ചെയ്ത് 60 ദിവസത്തിനുള്ളില്‍ 85 മില്യണ്‍ കോപ്പികളെങ്കിലും വില്‍ക്കപ്പെടുമെന്നും അവര്‍ പറയുന്നു. 2026 മെയ് 26നാണ് ജിടിഎ 6 ലോഞ്ച് ചെയ്യുന്നത്.