ചെന്നൈ: ആന്ധ്രാപ്രദേശിന് തമിഴ്നാട്ടിലെ വ്യാവസായ നിക്ഷേപ വിവരങ്ങൾ ചോർത്തിയതിന് 15 ജീവനക്കാരെ പിരിച്ചുവിട്ടെന്ന മാധ്യമ റിപ്പോർട്ടുകളില് വിശദീകരണവുമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക നിക്ഷേപ പ്രോത്സാഹന ഏജൻസിയായ 'ഗൈഡൻസ് തമിഴ്നാട്. വെള്ളിയാഴ്ച ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഏജൻസി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സ്ഥാപനത്തിൽ കൂട്ടരാജിയൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഒരു സാധാരണ പ്രതിഭാസം മാത്രമാണെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
മികച്ച തൊഴിലവസരങ്ങൾ, ഉന്നത വിദ്യാഭ്യാസം, സ്ഥലംമാറ്റം, വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങൾ എന്നിവയാലാണ് ജീവനക്കാർ സ്ഥാപനം വിടുന്നതെന്ന് ഗൈഡൻസ് തമിഴ്നാട് വിശദീകരിച്ചു. മറ്റു മേഖലകളിൽ അവസരങ്ങൾ തേടുന്ന ജീവനക്കാരുടെ പ്രൊഫഷണൽ താല്പര്യങ്ങളെ സ്ഥാപനം എപ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അയൽ സംസ്ഥാനങ്ങളുമായി ആരോഗ്യകരവും ക്രിയാത്മകവുമായ മത്സരമാണ് തമിഴ്നാട് കാഴ്ചവെക്കുന്നതെന്നും, ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാണെന്നും ഏജൻസി വ്യക്തമാക്കി.
അടുത്തിടെയുണ്ടായ മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തത വരുത്താനും സുതാര്യതയിലും വിശ്വാസ്യതയിലുമുള്ള പ്രതിബദ്ധത ആവർത്തിക്കാനുമാണ് ഈ വിശദീകരണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ്, വ്യവസായ മന്ത്രി എസ്. കീർത്തന, ഗൈഡൻസ് തമിഴ്നാട് എം.ഡി & സി.ഇ.ഒ ദീപക് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർ പല്ലവി വർമ്മ എന്നിവരെ ടാഗ് ചെയ്ത പോസ്റ്റിൽ ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, രഹസ്യ വിവരങ്ങൾ ആന്ധ്രാപ്രദേശിലേക്ക് ചോർന്നിട്ടുണ്ടോ എന്നതോ ചാരന്മാരെക്കുറിച്ചുള്ള പരാമർശങ്ങളോ വിശദീകരണക്കുറിപ്പിൽ എവിടെയും പരാമർശിച്ചിട്ടില്ല.
ടി.വി.കെ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ 2026 ജൂൺ-ജൂലൈ മാസങ്ങളിൽ ഗൈഡൻസിൽ നിന്ന് രാജിവെച്ച 15 പ്രൊഫഷണലുകളിൽ പലരും 'ഇൻവെസ്റ്റ് കർണാടക', 'ഇൻവെസ്റ്റ് തെലങ്കാന', ആന്ധ്രാപ്രദേശിലെ 'ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്' എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിലെ നിക്ഷേപ ഏജൻസികളിലാണ് ചേർന്നത്. ടിവികെ സര്ക്കാര് വന്നതിന് ശേഷം ദീപക് ജേക്കബ് 'ഗൈഡൻസ് തമിഴ്നാടിന്റെ എം.ഡി സി.ഇ.ഒ ആയി ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ തൊഴിൽ അന്തരീക്ഷം മോശമായെന്ന മുൻ ജീവനക്കാരുടെ ആരോപണങ്ങളെക്കുറിച്ചും ഏജൻസി പ്രതികരിച്ചിട്ടില്ല. സ്ഥാപനത്തിലെ പ്രതികൂല തൊഴിൽ അന്തരീക്ഷത്തെക്കുറിച്ച് ഓഗസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയിൽ വഴി പരാതി നൽകിയിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഒരു മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, തമിഴ്നാട്ടിലെ മികച്ച പ്രതിഭകൾ പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത ഒരു സ്ഥാപനത്തെ ടി.വി.കെ സർക്കാരിന്റെ പക്വതയില്ലാത്തതും സോഷ്യൽ മീഡിയ കേന്ദ്രീകൃതവുമായ രാഷ്ട്രീയം തകർക്കുകയാണെന്ന് ഡി.എം.കെ ഐ.ടി സെൽ മേധാവിയും മുൻ വ്യവസായ മന്ത്രിയുമായ ഡോ. ടി.ആർ.ബി. രാജ വ്യാഴാഴ്ച കുറ്റപ്പെടുത്തിയിരുന്നു. ഏതാനും ജീവനക്കാർ പോയതുകൊണ്ട് തകരാൻ മാത്രം ദുർബലമാണോ തമിഴ്നാടിന്റെ നിക്ഷേപ സംവിധാനമെന്ന് ചോദിച്ച അദ്ദേഹം, 2021-ൽ ഡി.എം.കെ അധികാരത്തിൽ വന്നപ്പോൾ എ.ഐ.എ.ഡി.എം.കെ കാലത്ത് നിയമിച്ചവരെ പുറത്താക്കുകയല്ല, മറിച്ച് അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി. ആരുടെയും മിടുക്കുകൊണ്ട് തമിഴ്നാട്ടിൽ നിന്ന് നിക്ഷേപങ്ങൾ കൊണ്ടുപോകാൻ കഴിയില്ലെന്നും, എന്നാൽ കഴിവില്ലാത്തതും അരക്ഷിതവുമായ തീരുമാനങ്ങൾ നിക്ഷേപകരെ അകറ്റുമെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ നിക്ഷേപ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് 15 ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ജോസഫ് വിജയ് പിരിച്ചുവിട്ടെന്ന ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ആദ്യ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗൈഡൻസ് തമിഴ്നാടിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
അതേ സമയം തമിഴ്നാട്ടിൽ നിന്നുള്ള രഹസ്യ വിവരങ്ങൾ ചോർത്തി എന്ന ആരോപണം ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി പൂർണ്ണമായും തള്ളി. മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപക സൗഹൃദ നയങ്ങളും വഴിയാണ് ആന്ധ്രപ്രദേശ് നിക്ഷേപങ്ങളെ ആകർഷിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിവരങ്ങൾ പകർത്തേണ്ട ആവശ്യമില്ലെന്നും ടി.ഡി.പി സംസ്ഥാന അധ്യക്ഷൻ പല്ല ശ്രീനിവാസ റാവു വ്യക്തമാക്കി. ആരോഗ്യകരമായ മത്സരത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, നിക്ഷേപകരെ ആകർഷിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ വലിയ റോക്കറ്റ് സയൻസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.