അമ്രേലി: പശുവിനെ കൊന്നതിന്റെ പേരില്‍ ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം. അമ്രേലി ജില്ലയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി. ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ 18 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഗോ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഗോമാതാവിനോട് അനീതി കാണിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും വിധിയെ ഉദ്ധരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
2023 നവംബര്‍ 6 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സംഭവം. അമ്രേലി ടൗണിലെ കാസിം സോളങ്കി, സത്താര്‍ സോളങ്കി, അക്രം സോളങ്കി എന്നിവര്‍ക്കെതിരെയാണ് കേസ്. പശുവിനെ കൊന്ന് മാംസം വിറ്റുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു. ഇവിടെ നിന്ന് മാംസം കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ കണ്ടെത്തിയ മാംസം പശുവിന്റേതാണെന്ന് മൃഗ ഡോക്ടറും ഫോറന്‍സിക് ടീമും സ്ഥിരീകരിച്ചു.
ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. വിധിയെ സ്വാഗതം ചെയ്തുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണവും ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ് ഗോമാതാ എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. ചരിത്ര വിധിയെന്നാണ് മന്ത്രി ജിതു വഘാനി പ്രതികരിച്ചത്.