ഗ്യാനേഷ് കുമാർ Source: ANI
NATIONAL

ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; എന്‍ഡിഎയില്‍ ഭിന്നസ്വരം, ബിജെപി കടുത്ത പ്രതിരോധത്തില്‍

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ് നല്‍കിയ പ്രതിപക്ഷം വീണ്ടും ഒരിക്കല്‍ കൂടി നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്

Author : ന്യൂസ് ഡെസ്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് രാഷ്ട്രീയ വൈരം മറന്ന് പിന്തുണ തേടി സിപിഐഎം. പശ്ചിമബംഗാളിൽ പതിറ്റാണ്ടുകളായി ശത്രുതയിലായിരുന്ന മമത ബാനർജിക്ക് ഉള്‍പ്പെടെ സിപിഐഎം കത്തയച്ചു. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും. ഫോം ആറിന്റെ പരിഷ്കരണത്തിലൂടെ യുവാക്കളെ ഒഴിവാക്കാനാണ് കമ്മീഷൻ ലക്ഷ്യമിട്ടതെന്ന ആരോപണമാണ് സിജെപി ഉയർത്തുന്നത്. ചോദ്യപേപ്പർ ചോർച്ച, അയോധ്യ ക്ഷേത്ര കൊള്ള എന്നിവയ്ക്കു പുറമേ, വോട്ട് ചോരി ആരോപണം കടുത്തതോടെ ബിജെപിയും പ്രതിരോധത്തിലായി.

ഇടഞ്ഞുനിന്ന പ്രതിപക്ഷ നിര കൂടുതല്‍ ഐക്യത്തിലാകുന്നു. സമ്പൂർണ ഐക്യമുണ്ടെന്ന് തോന്നിപ്പിച്ച ഭരണപക്ഷത്ത് ഭിന്നസ്വരങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. എസ്ഐആർ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയാണിത്. എസ്ഐആർ പ്രക്രിയയ്ക്കെതിരെ നിലപാടെടുത്ത പ്രതിപക്ഷ പാർട്ടികളെല്ലാം, ഒരേ സ്വരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രംഗത്തെത്തിയത്, രാജ്യം വീണ്ടുമൊരു പ്രക്ഷോഭത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. നേരത്തെ രണ്ടു വട്ടം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ പ്രതിപക്ഷം വീണ്ടും ഒരിക്കല്‍ കൂടി ഇംപീച്ച് നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിഷേധങ്ങള്‍, പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുമെന്നും സമാനതകളില്ലാത്ത ഐക്യം ഉണ്ടാകുമെന്നും സന്തോഷ് കുമാർ എംപി ന്യൂസ് മലയാളത്തോടു പ്രതികരിച്ചു.

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു എന്നതിന്റെ വലിയ തെളിവായിരുന്നു മൂന്നു പതിറ്റാണ്ടോളം കാലം നേർക്കുനേർ പോരാടിയ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനർജിയും സിപിഐഎമ്മും തമ്മിലുള്ള മഞ്ഞുരുക്കം. എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ ഒരുമിച്ച് പോരാടണമെന്നാവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രതിപക്ഷ പാർട്ടി നേതാക്കള്‍ക്കയച്ച കത്തില്‍ ആദ്യം പ്രതികരിച്ചതും, തിരിച്ച് മറുപടി അയച്ചതും മമത ബാനർജിയാണ്. പിന്നീട് ഇരുവരും ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. 1997ല്‍ അതുവരെ കോൺഗ്രസ് നേതാവായിരുന്ന മമത, കോൺഗ്രസിന് സിപിഐഎമ്മിനോട് മൃദുസമീപനമാണെന്ന അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി വിടുന്നത്. പിന്നീട് തൃണമൂല്‍ കോൺഗ്രസ് രൂപീകരിച്ച് 2011ല്‍ 35 വർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ 15 വർഷത്തിനിടെ പലകുറി തൃണമൂലും ഇടതുപാർട്ടികളും നേർക്കുനേർ പോരാടി. ഈ രണ്ടു പാർട്ടികളാണ് പ്രതിപക്ഷ ഐക്യം ശക്തമാകുന്നുവെന്ന ആദ്യ സൂചന നല്‍കിയത്. തൃണമൂല്‍ കോൺഗ്രസിനു പുറമേ, ഇന്‍ഡ്യാ സഖ്യം വിട്ട ഡിഎംകെയ്ക്കും ഇന്‍ഡ്യാ സഖ്യത്തിനൊപ്പമുള്ള മറ്റു പാർട്ടികള്‍ക്കും സിജെപിക്കും എം.എ. ബേബി കത്തയച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ സ്വരത്തെയും ഒരുമിച്ചു നിർത്തുമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോൺഗ്രസ് നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്ഐആറിലെ വ്യാപക ക്രമക്കേടുകള്‍ തെളിവു സഹിതം പുറത്ത് വരികയും, രഞ്ഞെടുപ്പ് കമ്മീഷനകത്തെ ഭിന്നത വാർത്തയാവുകയും ചെയ്തതോടെ എന്‍ഡിഎ ഘടകകക്ഷികളും ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. എന്‍ഡിഎ ഘടകകക്ഷികളായ രാഷ്ട്രീയ ലോക് മോർച്ച്, രാംവിലാസ് പസ്വാന്‍റെ ലോക് ജനശക്തി പാർട്ടി, ടിഡിപി എന്നിവരാണ് എതിർപ്പ് പരസ്യമാക്കിയത്. കേന്ദ്രമന്ത്രി ചിരാഗ് പസ്വാനും, ആർഎൽഎമ്മിൻ്റെ ഉപേന്ദ്ര കുശ്വാഹയ്ക്കും പിന്നാലെ ടിഡിപി ലോക്‌സഭാ കക്ഷി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു അടക്കമുള്ളവരും ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ടതോടെ കേന്ദ്ര സർക്കാരും ബിജെപിയും പ്രതിരോധത്തിലാണ്.

SCROLL FOR NEXT