ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. രാജ്യത്ത് വോട്ട് കവരാൻ സംഘടിത ശ്രമം നടക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒട്ടേറെ തെറ്റുകൾക്കിടയിലെ മറ്റൊരു വലിയ തെറ്റാണ് ഗ്യാനേഷ് കുമാർ. വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്സസ് ഗ്യാനേഷ് കുമാറിൻ്റെ കയ്യിലാണ് ഉള്ളത്. കോടതിയെ സ്വാധീനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
വോട്ട് ചോർത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ആ വോട്ടുകൊള്ളയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടു നിന്നുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നടപടികളാണ് ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുമായും പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടു പോകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. നീതിക്ക് മുൻപിൽ എല്ലാവർക്കും കീഴടങ്ങേണ്ടി വരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.