NATIONAL

"ഞങ്ങളെ ഇല്ലാതാക്കാന്‍ 600 കോടി രൂപയുടെ ഗൂഢാലോചന; പിന്നില്‍ ഡി കെ ശിവകുമാര്‍": എച്ച്.ഡി. കുമാരസ്വാമി

സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനില്‍ തന്നേയും ജനതാദള്‍ എസ്സിനേയും കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനില്‍ തന്നേയും ജനതാദള്‍ എസ്സിനേയും കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ജെഡി(എസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെയും കുടുംബത്തേയും ഇല്ലാതാക്കാന്‍ ശിവകുമാര്‍ 600 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തുവെന്നും എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.

മാധ്യമങ്ങളോടായിരുന്നു കുമാരസ്വാമിയുടെ ആരോപണം. ഹാസന്‍ ജില്ലയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

"ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് മറ്റാരുമല്ല, നിലവിലെ മുഖ്യമന്ത്രിയാണ്. ഞങ്ങളെ ഇല്ലാതാക്കാന്‍ ഡി.കെ. ശിവകുമാര്‍ പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. അതിലൊന്ന് 600 കോടിയുടെ സുപാരി ക്വട്ടേഷന്‍ ഇടപാടാണ്. അദ്ദേഹം തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല". കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എച്ച്.ഡി. കുമാരസ്വാമിയുടെ ഗുരുതര ആരോപണത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കിയിട്ടും കേസ് തനിക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിലൊന്നും ഭയപ്പെടുന്നില്ല, ഇതെല്ലാം നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെ.പി.എസ്.സി)നിയമന അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും സംഭവത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്റ്റിങ് ഓപ്പറേഷനില്‍ അന്വേഷണം എണ്‍പത് ശതമാനവും പൂര്‍ത്തിയായെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ കെ.പി.എസ്.സി അഴിമതി കേസ് 90 ശതമാനം മൂടിവെക്കപ്പെട്ടുവെന്നും കുമാരസ്വാമി തിരിച്ചടിച്ചു.

കേന്ദ്രമന്ത്രിയുടെ അടുത്ത അനുയായികള്‍ ഒളിവില്‍ പോയെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തേയും കുമാരസ്വാമി തള്ളി. മാധ്യമ പ്രവര്‍ത്തകന്‍ രാകേഷ് ഷെട്ടി, കോണ്‍ഗ്രസ് നേതാവ് കൃപ ആല്‍വ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് കുമാരസ്വാമിയുടെ വാദം. ആരോപണവിധേയരായ വ്യക്തികളുടെ പേരുകള്‍ സിദ്ധരാമയ്യയും മകന്‍ യതീന്ദ്രയും പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം നിലനില്‍ക്കെയാണ് ശിവകുമാറും ഖാര്‍ഗേയും ആരോപണങ്ങളെല്ലാം ജെഡി(എസ്) നുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് 2023-ല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍, സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന് ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. ശിവകുമാറും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ സംഭവത്തെ കുറിച്ച് അറിയാമെന്നുമാണ് കുമാരസ്വാമിയുടെ അവകാശവാദം. സ്റ്റിങ് ഓപ്പറേഷന്‍ ആരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

SCROLL FOR NEXT