ചെന്നൈ: സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നതിൽ നിർണായകമായത് കോൺസ്റ്റബിൾ രേവതിയുടെ മൊഴി. അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ പ്രതികളായ ഒൻപത് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. താരതമ്യേന താഴ്ന്ന റാങ്കിലുള്ള കോൺസ്റ്റബിൾ രേവതിയുടെ ധൈര്യമില്ലാതെ കേസ് ഒരിക്കലും ഈ ഘട്ടത്തിലെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
2020 ൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൊബൈൽ കട തുറന്നതിനാണ് പി. ജയരാജിനും മകൻ ജെ. ബെന്നിക്സിനും നേരെ ഉദ്യോഗസ്ഥർ ക്രൂരമായ മർദനം അഴിച്ചുവിട്ടത്. രേവതി ഡ്യൂട്ടിയിലായിരുന്നപ്പോഴായിരുന്നു സംഭവം. രേവതി കേസിൽ മാപ്പുസാക്ഷിയായിരുന്നു.
സ്റ്റേഷനിൽ അന്നുണ്ടായ സംഭവങ്ങൾ മജിസ്ട്രേറ്റിനോട് വിവരിച്ചു. തൻ്റെ സുരക്ഷയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെങ്കിലും, അവർ മൊഴി നൽകാൻ തയ്യാറാകുകയായിരുന്നു. കേസിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഉന്നതരും സ്വാധീനമുള്ളവരുമായിരുന്നു. എന്നിരുന്നിട്ടും പ്രതികൾക്കെതിരെ മൊഴി നൽകാൻ രേവതി തയ്യാറാകുകയായിരുന്നു.
സർ, ഞാൻ നിങ്ങളോട് എല്ലാം പറയാം, ഞാൻ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. എൻ്റെ കുട്ടികളുടെയും എൻ്റെ ജോലിയുടെയും സുരക്ഷ നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ? എന്ന് ചോദിച്ച് കൊണ്ടാണ് അവർ മൊഴി നൽകിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഇരകളെ കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടു. ബൂട്ടുകൾ ഉപയോഗിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ചവിട്ടി. അവർ നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു. 'അമ്മേ, വേദനിക്കുന്നു! എന്നെ വിടൂ! ദയവായി എന്നെ വിടൂ! ഞാൻ ചെയ്തത് തീർച്ചയായും തെറ്റാണ് എന്നിങ്ങനെ അവർ അലറി കൊണ്ട് പറഞ്ഞതായി രേവതിയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഠിനമായ മർദനത്തിനൊടുവിൽ അവർ രക്തംവാർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അവരെ കൊണ്ട് തന്നെ തറയിൽ വീണ രക്തം വൃത്തിയാക്കിച്ചു എന്നും രേവതി പറഞ്ഞു. പീഡനം സഹിക്കാൻ കഴിയാതെ രണ്ടുപേരും അബോധാവസ്ഥയിലായപ്പോൾ, ജയരാജിന് കാപ്പി നൽകാൻ ശ്രമിച്ചെങ്കിലും, ഒരു ഉദ്യോഗസ്ഥർ ഉടനെ വന്ന് അത് തട്ടിമാറ്റി. പിന്നീട് പുരുഷന്മാരെ നഗ്നരാക്കി കൈകൾ ബന്ധിച്ചപ്പോൾ, കണ്ടുനിൽക്കാൻ വയ്യാതെ മുറിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നു എന്നും രേവതി ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒടുവിൽ ഇരുവരും മരണത്തിന് കീഴടങ്ങിയെന്നും രേവതി ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് സ്റ്റേഷനിലുള്ള ആരും ഒരു വിവരവും പുറത്ത് പറയരുതെന്ന് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ അത്തരം എതിർപ്പുകളെ അവഗണിച്ചാണ് രേവതി മൊഴി നൽകാൻ തയ്യാറായത്. സ്റ്റേഷന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർ തടിച്ചുകൂടുകയും കമൻ്റടിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഭീഷണി ഉയർന്നതോടെ ആദ്യം രേവതി മൊഴിയിൽ ഒപ്പിടാൻ മടിച്ചു. എന്തുവന്നാലും സംരക്ഷണം നൽകുമെന്ന് ആവർത്തിച്ച് പറഞ്ഞതോടെയാണ് രേവതി തയ്യാറായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.