Source: Screengrab
NATIONAL

നാഗാലാൻഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; സർക്കാർ കെട്ടിടം നിലംപൊത്തി

നാഗാലാൻഡിലെ ട്യൂൻസാങ് ജില്ലയിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് (DTO) കെട്ടിടം തകർന്നുവീണു...

Author : ന്യൂസ് ഡെസ്ക്

കൊഹിമ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാഗാലാൻഡിലെ ട്യൂൻസാങ് ജില്ലയിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് (DTO) കെട്ടിടം തകർന്നുവീണു. പോസ്റ്റ് ഓഫീസ് വാർഡിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായും തകർന്നത്.

കെട്ടിടം നേരത്തെ തന്നെ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർച്ചയായ മഴയെ തുടർന്ന് കെട്ടിടത്തിന് ഗുരുതരമായ തകരാറുകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 23ന് അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. തുടർന്ന് ജൂലൈ 24 മുതൽ ഡിടിഒ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഡ്രൈവിങ് ലൈസൻസ് വിതരണം, വാഹന രജിസ്ട്രേഷൻ, നികുതി പിരിവ്, പെർമിറ്റ് ഉൾപ്പെടെയുള്ള മോട്ടോർ വാഹന സേവനങ്ങളും നിർത്തിവച്ചിരുന്നു.

ട്യൂൻസാങ് ജില്ലയിൽ തുടർച്ചയായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഭൂമി താഴ്ന്നുപോകുന്ന പ്രതിഭാസവും രൂക്ഷമാണ്. ജൂലൈ 19 മുതൽ 49 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഡിടിഒ കെട്ടിടത്തിന് സമീപമുള്ള പ്രദേശത്ത് ഭൂമി പ്രതിദിനം ഏകദേശം ആറ് മുതൽ എട്ട് ഇഞ്ച് വരെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള പൊതുജനങ്ങളുടെയും അനധികൃത വ്യക്തികളുടെയും പ്രവേശനം ഭരണകൂടം നിരോധിച്ചിരുന്നു. കെട്ടിടം ഇതിനകം ഒഴിപ്പിച്ചിരുന്നതിനാൽ തകർച്ചയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ട്യൂൻസാങ് ടൗൺ ഹാളിലാണ് പ്രധാന ക്യാമ്പ് പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിലിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര ദുരിതാശ്വാസ സഹായവും അധികൃതർ നൽകിവരികയാണ്. നാഗാലാൻഡിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT