Image: X  
NATIONAL

കനത്ത മഴയും മണ്ണിടിച്ചിലും; ഡാര്‍ജീലിങ്ങില്‍ നിരവധി മരണം

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

Author : ന്യൂസ് ഡെസ്ക്

ഡാര്‍ജീലിങ്: പശ്ചിമബംഗാളിലെ ഡാര്‍ജീലിങ്ങിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി മരണം. ഞായറാഴ്ച രാവിലെ മുതലാണ് പ്രദേശത്ത് കനത്ത മഴ ആരംഭിച്ചത്. പതിനൊന്ന് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മിരിക്, സുഖിയ പൊഖാര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ശക്തമായ മഴയില്‍ ദുധിയയിലെ ബാലസണ്‍ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകര്‍ന്നു വീണു. സിലിഗുരിയെയും മിരിക്കിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കനത്ത നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായതെന്ന് ഡാര്‍ജീലിങ് എംപിയായ രാജു ബിസ്ത അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. സൗരേനിക്ക് സമീപമുള്ള ദാര ഗാവോണില്‍ പുലര്‍ച്ചെ 2 നും 3 നും ഇടയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഉറങ്ങിക്കിടന്ന നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്നതും ഡാര്‍ജീലിങ്ങിനേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡുകളെല്ലാം മണ്ണിടിച്ചിലില്‍ തടസ്സപ്പെട്ടു. ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തിയില്‍ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ഡാര്‍ജീലിങ്ങില്‍ എത്തിയിരുന്നു. അപകടത്തില്‍ വിനോദസഞ്ചാരികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ജല്‍പൈഗുരി, സിലിഗുരി, കൂച്ച്‌ബെഹാര്‍ എന്നിവിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 വരെ ഈ മേഖലയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാര്‍ജീലിങ്ങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍ എന്നിവയടക്കം അടച്ചു. ചരിത്രപ്രസിദ്ധമായ കളിപ്പാട്ട ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

SCROLL FOR NEXT