NATIONAL

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ല: ഹിമാചൽ പ്രദേശ് ഹൈക്കോടതി

'ഖലിസ്ഥാൻ സിന്ദാബാദ്' പോലുള്ള മുദ്രാവാക്യങ്ങൾ പോസ്റ്റ് ചെയ്യുന്നതും പ്രഥമദൃഷ്ട്യാ കുറ്റകരമാകില്ലെന്നും കോടതി നിരീക്ഷിച്ചു

Author : പ്രണീത എന്‍.ഇ

ഷിംല: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്ഥാൻ പതാകയും ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതിന് കുറ്റാരോപിതനായ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് രാകേഷ് കൈന്തലയാണ് നിരീക്ഷണം നടത്തിയത്.

കഴിഞ്ഞ വർഷം പഹൽഗാമിൽ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ പ്രതി അഭിഷേക് സിംഗ് ഭരദ്വാജ് വിമർശിച്ചിരുന്നു. ഇതിന് പുറമെ പാകിസ്ഥാൻ പൗരനുമായി ആശയവിനിമയം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ എഫ്‌ഐആറിൽ ഇന്ത്യാ സർക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ അതൃപ്തിയോ കണ്ടെത്തിയതായി വ്യക്തമാകുന്നില്ലെന്ന് കോടതി കണ്ടെത്തി.

ചിത്രങ്ങളും വീഡിയോയും അടങ്ങിയ പെൻഡ്രൈവും കോടതി പരിശോധിച്ചു. "പ്രഥമദൃഷ്ട്യാ, ഹർജിക്കാരൻ ഒരാളുമായി ചാറ്റ് ചെയ്തതായും ഇരുവരും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതയെ വിമർശിച്ചതായും കാണുന്നുണ്ട്. മതം പരിഗണിക്കാതെ എല്ലാ ആളുകളും ഒരുമിച്ച് നിൽക്കണമെന്നും യുദ്ധം ഫലപ്രദമായ ലക്ഷ്യങ്ങൾ കൈവരിക്കില്ലെന്നുമാണ് ചാറ്റിൽ അവർ പറയുന്നത്. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം, രാജ്യദ്രോഹത്തിന് തുല്യമാകുമെന്ന് കാണാൻ പ്രയാസമാണ് ," കോടതി വ്യക്തമാക്കി. 'ഖലിസ്ഥാൻ സിന്ദാബാദ്' പോലുള്ള മുദ്രാവാക്യങ്ങൾ പോസ്റ്റ് ചെയ്യുന്നതും പ്രഥമദൃഷ്ട്യാ കുറ്റകരമാകില്ലെന്നും കോടതി നിരീക്ഷിച്ചു

SCROLL FOR NEXT