ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപേട്ടിൽ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് ദളിത് ഡോക്‌ടർ ജീവനൊടുക്കി. സിദ്ദിപേട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ 23കാരിയായ ഹൗസ് സർജനാണ് ജീവനൊടുക്കിയത്. സീനിയർ റസിഡന്റ് ഡോക്ടർ വഞ്ചിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
ജനുവരി 3നാണ് സംഭവം. സിദ്ദിപേട്ട് മെഡിക്കൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് യുവതി സീനിയർ റസിഡന്റ് ഡോക്ടറെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
എന്നാൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ജാതിയിൽ താഴ്ന്ന യുവതിയെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലെന്ന് ഇയാൾ പറഞ്ഞു. ഇതിൽ മനംനൊന്ത യുവതി, കോളേജ് ഹോസ്റ്റലിലെത്തി കളനാശിനി ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു.
ബോധരഹിതയായി വീണ കുട്ടിയെ സുഹൃത്തുക്കൾ സിദ്ദിപേട്ടിലെ ഒരു ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ പൊലീസ് മുതിർന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസ്, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച യുവതി, സോഷ്യൽ വെൽഫെയർ സ്കൂളിൽ പഠിച്ച് 2020ലാണ് സിദ്ദിപേട്ടിലെ സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസിൽ ചേർന്നത്. പഠനത്തിലും കായികരംഗത്തും അവൾ മികവ് പുലർത്തിയിരുന്നെന്ന് പൊലീസ് പറയുന്നു.