ഗുജറാത്ത് ദുരഭിമാനക്കൊല Source; Social Media
NATIONAL

"അവരെന്നെ കൊല്ലും... എന്നെ രക്ഷിക്കൂ..."എന്ന് സന്ദേശം, മണിക്കൂറുകള്‍ക്കിപ്പുറം മരണം; ഗുജറാത്തിലേത് ദുരഭിമാനക്കൊല

പഠിച്ച് സ്വന്തം കാലിൽ നിൽക്കാനും, ആൺസുഹൃത്തിനൊപ്പം ജീവിക്കാനുമുള്ള അവളുടെ തീരുമാനത്തെ കുടുംബം എതിർത്തു. തന്റെ ജീവൻ അപകടത്തിലാകുമെന്ന് മനസിലാക്കിയ അവൾ ജൂൺ 24 ന് രാത്രി ഹരീഷിന് സന്ദേശം അയച്ചു.

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത് ബനസ്‌കന്തയിലെ 18 കാരിയുടെ മരണം ദുരഭിമാനക്കൊലയെന്ന് കണ്ടെത്തൽ. ചന്ദ്രികയെന്ന പെൺകുട്ടിയെയാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് കുടുംബം സ്വന്തം മകളുടെ ജീവനെടുക്കാൻ തീരുമാനിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് ഹരീഷ് ചൗധരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂൺ 25 നായിരുന്നു കൊലപാതകം നടന്നത്. സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു ചന്ദ്രിക. പഠിച്ച് സ്വന്തം കാലിൽ നിൽക്കാനും, ആൺസുഹൃത്തിനൊപ്പം ജീവിക്കാനുമുള്ള അവളുടെ തീരുമാനത്തെ കുടുംബം എതിർത്തു. തന്റെ ജീവൻ അപകടത്തിലാകുമെന്ന് മനസിലാക്കിയ അവൾ ജൂൺ 24 ന് രാത്രി ഹരീഷിന് സന്ദേശം അയച്ചു"വന്ന് എന്നെ കൂട്ടിക്കൊണ്ടുവരൂ; അല്ലെങ്കിൽ, എന്റെ വീട്ടുകാർ എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ വിവാഹം കഴിപ്പിക്കും. ഞാൻ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ, അവർ എന്നെ കൊല്ലും. എന്നെ രക്ഷിക്കൂ," എന്നായിരുന്നു സന്ദേശം.

അതിന് പിന്നാലെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പാലിൽ മയക്കുമരുന്ന് ചേർത്ത് നൽകി, പിന്നീട് അച്ഛനും അമ്മാവനും ചേർന്ന് കഴുത്തു ഞെരിച്ച് കാലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. വളരെ വേഗത്തിൽ തന്നെ കുടുംബം ചന്ദ്രികയുടെ മൃതദേഹം സംസ്കരിച്ചു. ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു അവർ നൽകിയ വിശദീകരണം പൊലീസിൽ നൽകിയ പരാതി അന്വേഷണത്തിന് വഴിയൊരുക്കി. കാമുകിയുടെ മരണശേഷം ഹരീഷ് പോലീസിൽ പോയി ചന്ദ്രിക സ്വാഭാവികമായി മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചു.

ചന്ദ്രികയുടെ പിതാവ് സെന്ധ ഒളിവിലാണ്. നിലവില്‍ അമ്മാവൻ ശിവറാം ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് സുമൻ നല പറഞ്ഞു. ഹരേഷ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ചന്ദ്രികയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ്, ചന്ദ്രിക വീട് വിട്ട്ഹരീഷിനൊപ്പം പോയിരുന്നു., എന്നാൽ മകളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഇരുവരേയും കണ്ടെത്തി ചന്ദ്രികയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ചന്ദ്രികയെ മാതാപിതാക്കൾ കൊല്ലുമെന്ന് ഭയന്ന് ഹരീഷിന് ഒരു സന്ദേശം ലഭിച്ചതോടെയാണ് അയാൾ ഹേബിയസ് ഹർജി ഫയൽ ചെയ്തത്. കേസ് പരിഗണിക്കുന്നതിന് മുൻപ് തന്നെ പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നു.

സ്വാഭാവിക സാഹചര്യത്തിലാണ് മകൾ മരിച്ചതെന്ന് കാട്ടി കുടുംബം രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ അത് വിശ്വസിക്കാൻ ഹരീഷ് വിസമ്മതിച്ചു. പിന്നീട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. അന്വേഷണത്തിനിടെയാണ് പൊലീസിന് സംശയകരമായ തെളിവുകൾ ലഭിച്ചത്. മരണം സ്ഥിരീകരിക്കാൻ ഡോക്ടറുടെ സഹായം തേടിയില്ല, പെട്ടെന്നുള്ള സംസ്കാരം, സഹോദരനുൾപ്പെടെ അടുത്ത ബന്ധുക്കളുടെ അഭാവം എന്നിവയെല്ലാം അന്വേഷണത്തിൽ വഴിത്തിരിവായി.

SCROLL FOR NEXT