
ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും കാലാവസ്ഥ മോശമായതിനെ തുടർന്ന് പലയിടത്തും മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 325 റോഡുകൾ അടച്ചിട്ടു. ഇതിൽ 179 റോഡുകൾ മാണ്ഡി ജില്ലയിലും, 71 എണ്ണം തൊട്ടടുത്തുള്ള കുളു ജില്ലയിലുമാണെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുളു, ഷിംല, ലാഹൗൾ സ്പിറ്റി ജില്ലകളിലാണ് നിലവിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. ഷിംല, ലാഹൗൾ, സ്പിറ്റി ജില്ലകളിൽ നിരവധി പാലങ്ങളും ഒലിച്ചുപോയി.
ശ്രീഖണ്ഡ് മഹാദേവ് പർവതനിരകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ഉണ്ടായതോടെ കുർപൻ നദി കരകവിഞ്ഞൊഴുകാൻ കാരണമായി. ഇതേ തുടർന്ന് കുളു ജില്ലയിലെ നിർമന്ദ് ബാഗിപുൾ ബസാറിലുള്ളവരെ നിർബന്ധമായി ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായി. ശ്രീഖണ്ഡ് മഹാദേവ് കൊടുമുടിയിലേക്കുള്ള വഴിയിലുള്ള ഭീമദ്വാരിക്കടുത്താണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ബട്ടഹാർ ഗ്രാമത്തിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വാഹനങ്ങൾ ഒഴുകിപ്പോയെന്നും നാല് കോട്ടേജുകളും കൃഷിഭൂമിയും തകർന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തീർത്ഥാൻ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കുളു ഭരണകൂടം താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു.
കുളു ജില്ലയിലെ ബാഗിപുൾ, ബട്ടഹാർ പ്രദേശങ്ങളിൽ രണ്ട് മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ ടോറുൾ എസ്. രവീഷ് പറഞ്ഞു. ചിലരുടെ സ്വത്ത് വകകൾക്ക് നാശനഷ്ടമുണ്ടായെങ്കിലും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ലാഹൗൾ സ്പിറ്റിയിലെ ധോധാൻ, ചാംഗുട്ട്, ഉദ്‌ഗോസ്, കർപത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. വീടുകൾക്കും കൃഷിഭൂമിക്കും വലിയ തോതിൽ നാശനഷ്ടമുണ്ടായി. കർപത്ത് ഗ്രാമത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് നാല് വീട്ടുകാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നാല് വീടുകളിലേക്ക് അതിവേഗം ചെളിയും വെള്ളവും കയറുകയായിരുന്നു. വീട്ടുകാർ ഉടനെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയായിരുന്നു.
ഷിംലയിലെ റാംപൂരിൽ നന്തി പ്രദേശത്തായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഗാൻവി ഗ്രാമത്തിന് താഴെ വെള്ളപ്പൊക്കമുണ്ടായി. രണ്ട് പാലങ്ങൾ, ഏതാനും കടകൾ, ഒരു പോലീസ് ചൗക്കി എന്നിവ ഒലിച്ചുപോയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ പാലം ഒലിച്ചുപോയതിനാൽ ഗാൻവിയിലേക്കുള്ള റോഡ് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്ത് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മിക്കയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റാംപൂരിലെ ഗാൻവി ഗ്രാമത്തിലെ എല്ലാ വീടുകളും ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജലനിരപ്പ് ഉയർന്നതിനാൽ ഗാൻവി നദിയുടെ മറുവശത്ത് ഒരു ബസും ആംബുലൻസും കുടുങ്ങിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.