ജയ്‌പൂർ: ഭക്ഷണം കഴിച്ച് പണം നല്‍കാതെ മുങ്ങിയ വിനോദ സഞ്ചാരികളെ പിടികൂടി ഹോട്ടലുടമ. സിയാവ ഗ്രാമത്തിനടുത്തുള്ള ഹാപ്പി ഡേ ഹോട്ടലിൽ എത്തിയ ഗുജറാത്തിൽ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികളാണ് ഭക്ഷണം കഴിച്ച് ബില്ല് നൽകാതെ കടന്നുകളഞ്ഞത്.
കഴിച്ച ഭക്ഷണത്തിന് 10,900 രൂപയുടെ ബില്ലാണ് വന്നത്. ഇതിനുപിന്നാലെ, ഓരോരുത്തലായി ശുചിമുറിയിലേക്ക് എന്ന് പറഞ്ഞ് കാറിൽ കയറി മുങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിനോദസഞ്ചാരികൾ ട്രാഫിക്കില്‍ കുടുങ്ങി. ഇതോടെ മുങ്ങിയവരെ പിന്തുടർന്നെത്തിയ ഹോട്ടലുടമ ഇവരെ പിടികൂടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ സംഘത്തെ പിടികൂടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
യാത്രയ്ക്കിടെ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ച ശേഷം, ബാത്ത്റൂമിലേക്ക് പോകുന്നതായി അഭിനയിച്ച്, പിന്നീട് പണം നൽകാതെ കാറിൽ കയറി കടന്നുകളഞ്ഞു. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ പൊലീസിൻ്റെ സഹായത്തോടെ വിനോദസഞ്ചാരികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.