രാഹുൽ ഗാന്ധി Source: x/ Rahul Gandhi
NATIONAL

ഇന്ത്യൻ ഭൂമി ചൈന കൈയേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചൈന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമർശത്തിലാണ് കോടതി വിമർശനമുന്നയിച്ചത്. ചൈന 2,000 കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈയേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് കോടതിയുടെ ചോദ്യം.

യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. എന്തുകൊണ്ട് ഈ വിഷയം പാർലമെൻ്റിൽ ഉന്നയിച്ചില്ലെന്നും ഇത്തരം വിഷയങ്ങൾ സോഷ്യൽ മീഡിയയിലല്ല ഉന്നയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതിയുടെ വിമർശനം.

2020-ൽ ചൈനയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്ന കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇടക്കാല ആശ്വാസം അനുവദിച്ചെങ്കിലും പരാമർശങ്ങളോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.

"അദ്ദേഹത്തിന് ഇതൊക്കെ പറയാൻ കഴിയുന്നില്ലെങ്കിൽ... എങ്ങനെയാണ് പ്രതിപക്ഷ നേതാവാകാൻ കഴിയുക?" എന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചു. എന്നാൽ പിന്നെ എന്തുകൊണ്ടാണ് പാർലമെൻ്റിൽ ഇത്തരം കാര്യങ്ങൾ പറയാതെ, സോഷ്യൽ മീഡിയയിൽ പറയുന്നത് എന്നായിരുന്നു ജസ്റ്റിസ് ദത്ത ചോദിച്ചത്.

സുപ്രീംകോടതിയുടെ വിമർശനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടേയും വിമർശനം. രാഹുൽ സ്ഥിരമായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നയാളെന്ന് ബിജെപി ആരോപിച്ചു. രാഹുൽ സവർക്കറേയും അപമാനിച്ചു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ രാഹുൽ നിലവിൽ ജാമ്യത്തിലാണ്. രാഹുലിൻ്റെ വിശ്വാസ്യത നഷ്ടമായെന്നും നബിജെപി പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടത് ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷ നേതാവിനെയെന്നും ബിജെപി കൂട്ടിച്ചേർത്തു.

SCROLL FOR NEXT