ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. പതിവുപോലെ തർക്കങ്ങളും ഇറങ്ങിപ്പോക്കുമെല്ലാം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. എന്നാൽ പാർലമെൻ്റ് സമ്മേളനങ്ങൾ സ്തംഭിക്കുമ്പോൾ നികുതിദായകരെന്ന നിലയിൽ നിങ്ങൾക്ക് എത്ര രൂപ നഷ്ടമുണ്ടാക്കുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? എൻഡിടിവി റിപ്പോർട്ടനുസരിച്ച് പാർലമെന്റ് സമ്മേളിക്കുന്ന ഓരോ മിനുട്ടിനും 2.5 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. അതായത് വെറും മൂന്ന് ദിവസമുണ്ടായ തടസ്സങ്ങൾ നികുതിദായകരായ പൗരന്മാർക്കുണ്ടാക്കിയത് 23 കോടി രൂപയുടെ നഷ്ടമാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൺസൂൺ പാർലമെൻ്റ് സമ്മേളനം ആരംഭിച്ചത്. ഇരുസഭകളിലും പ്രത്യേകിച്ച് ലോക്‌സഭയെ സ്തംഭിപ്പിച്ചത് രണ്ട് പ്രധാന വിഷയങ്ങളായിരുന്നു. ഭരണസഖ്യത്തെ സഹായിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യവും.
പാർലമെന്റിന്റെ ഓരോ സഭയും ദിവസം ആറ് മണിക്കൂർ ഉൽപ്പാദനക്ഷമമായി പ്രവർത്തിക്കണം. ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേളയുമുണ്ട്. മുൻ പാർലമെന്ററി കാര്യ മന്ത്രി പവൻ ബൻസലിന്റെ അഭിപ്രായത്തിൽ, ഒരു മിനുട്ട് പാർലമെന്റ് സമ്മേളനത്തിനായി 2.5 ലക്ഷം രൂപ ചെലവാകും. അതായത് ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും 1.25 ലക്ഷം രൂപ വീതം. എന്നാൽ 2012ലെ കണക്കാണ് പവൻ ബൻസൽ പങ്കുവെക്കുന്നത്. ഇന്ന് അതിൻ്റെ മൂല്യം വർധിച്ചിരിക്കണം.
ഇത്തവണത്തെ മൺസൂൺ സമ്മേളനത്തിൽ മൂന്ന് ദിവസങ്ങളുണ്ടായിരുന്നു. അതായത് ഓരോ സഭയും 18 മണിക്കൂർ പ്രവർത്തിച്ചിരിക്കണം. എന്നാൽ പിആർഎസ് നിയമനിർമാണ റിസേർച്ചിൻ്റെ ഡാറ്റ അനുസരിച്ച്, രാജ്യസഭ 4.4 മണിക്കൂറും ലോക്സഭ 54 മിനുട്ടും മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ.
ഇതിനർഥം തടസ്സങ്ങൾ മൂലം രാജ്യസഭയ്ക്ക് 816 മിനുട്ടും ലോക്സഭയ്ക്ക് 1,026 മിനുട്ടും നഷ്ടമായി. ഒരു മിനുട്ടിൽ 1.5 ലക്ഷം രൂപ ചെലവാകുമെന്ന് കണക്കാക്കിയാൽ തടസ്സങ്ങൾ മൂലം നികുതിദായകർക്ക് രാജ്യസഭയിൽ 10.2 കോടി രൂപയും ലോക്സഭയ്ക്ക് 12.83 കോടി രൂപയും നഷ്ടമുണ്ടായി. ചുരുക്കിപറഞ്ഞാൽ വെറും മൂന്ന് ദിവസത്തെ തടസ്സം നികുതിദായകരായ പൗരന്മാർക്കുണ്ടാക്കിയത് 23 കോടി രൂപ!
വിഷയത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും നികുതിദായകരുടെ പണം പാഴാക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ചർച്ച അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് എംപി രൺദീപ് സുർജേവാലയും ആരോപിച്ചു.