
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാറിയെന്ന പരാതിയുമായി കുടുംബങ്ങള്‍. യുകെയിലെ രണ്ട് കുടുംബങ്ങളാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹ ഭാഗങ്ങള്‍ കുടുംബാംഗങ്ങളുടേതല്ലെന്ന് വ്യക്തമായെന്നും മറ്റാരുടേതോ ആണെന്നുമാണ് കുടുംബം പറയുന്നത്. ഡെയിലി മെയിലാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയിരിക്കുന്നത്.
വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ 12 മുതല്‍ 13 മൃതദേഹ ഭാഗങ്ങളാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്. ഡിഎന്‍എ പരിശോധനയില്‍ ഇത് കുടുംബാംഗങ്ങളുടേതല്ലെന്ന് വ്യക്തമായെന്ന് അഭിഭാഷകന്‍ പറയുന്നു.
അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലാണ് ഡിഎന്‍എ പരിശോധന നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. എയര്‍ ഇന്ത്യയ്ക്ക് ഡിഎന്‍എ പരിശോധനയുമായോ മൃതദേഹങ്ങള്‍ കൈമാറിയതുമായോ ബന്ധമില്ല.
ജൂണ്‍ 12 നാണ് അഹമ്മാദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ1 171 വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനു മുകളില്‍ ഇടിച്ചു തകര്‍ന്നത്. വിമാനത്തിലെ 242 യാത്രക്കാരും ജീവനക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.
മൃതദേഹങ്ങള്‍ മാറിയെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തത് അങ്ങേയറ്റം ആദരവോടേയും പ്രൊഫഷണലിസത്തോടെയുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി യുകെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.