NATIONAL

"പൊതുപ്രവർത്തകർ എങ്ങനെ ആയിരിക്കണമെന്ന് അനുഭവിച്ച രാത്രി"; എല്‍പിയു സംഘര്‍ഷത്തിലെ ഇടത്, എസ്എഫ്ഐ നേതാക്കളുടെ ഇടപെടലിനെക്കുറിച്ച് കുറിപ്പ്

കാമ്പസിലെ മുഴുവൻ വിദ്യാർഥികളും സുരക്ഷിതരായിരിക്കും എന്ന ഉറപ്പാണ് അവര്‍ നല്‍കിയതെന്നും കൃഷ്ണനുണ്ണിയുടെ വാക്കുകള്‍

Author : ന്യൂസ് ഡെസ്ക്

പഞ്ചാബിലെ ല‍വ്ലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇടതുപക്ഷ നേതാക്കളും എസ്എഫ്ഐയും നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച് കൃഷ്ണനുണ്ണി എസ്.കെ. ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ച ഒരു രാത്രി. ഏറ്റവും പ്രിയപ്പെട്ട കുറേ മനുഷ്യരെ കുറിച്ചോർത്ത് അങ്ങേയറ്റം പ്രയാസപ്പെട്ട ഒരു രാത്രി എന്ന മുഖവുരയോടെയാണ് കൃഷ്ണനുണ്ണി സമൂഹമാധ്യങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വിദ്യാർഥികൾ അവരുടെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങി കിടക്കുകയാണെന്നും, ഗേൾസ് ഹോസ്റ്റലുകളിലും പുറത്തു നിന്നുള്ള അക്രമികൾ ആയുധങ്ങളുമായി കറങ്ങി നടക്കുകയാണെന്നും അറിഞ്ഞു. പിന്നാലെ വന്ന വീഡിയോ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, എ.എ. റഹീം എംപി, സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി. രാജീവ് എന്നിവരെ ബന്ധപ്പെടുകയും, അവര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയും ചെയ്തു. കാമ്പസിലെ മുഴുവൻ വിദ്യാർഥികളും സുരക്ഷിതരായിരിക്കും എന്ന ഉറപ്പാണ് അവര്‍ നല്‍കിയതെന്നും കൃഷ്ണനുണ്ണി കുറിപ്പില്‍ പറയുന്നു.

കൃഷ്ണനുണ്ണി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ച ഒരു രാത്രി. ഏറ്റവും പ്രിയപ്പെട്ട കുറേ മനുഷ്യരെ കുറിച്ചോർത്ത് അങ്ങേയറ്റം പ്രയാസപ്പെട്ട ഒരു രാത്രി.11 മണിയോട് കൂടിയാണ് പഞ്ചാബിൽ നിന്നും LPU ലെ സാഹചര്യം വഷളായി കൊണ്ടിരിക്കുകയാണെന്ന് അറിയുന്നത്. വിദ്യാർഥികൾ അവരുടെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങി കിടക്കുകയാണെന്നും എല്ലാ ഗേൾസ് ഹോസ്റ്റലുകളിലും പുറത്തു നിന്നുള്ള അക്രമികൾ ആയുധങ്ങളുമായി കറങ്ങി നടക്കുകയാണെന്നും അറിഞ്ഞു. പുറകെ കണ്ട വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. വാളുകളും മറ്റ് ആയുധങ്ങളുമായി നടക്കുന്ന ഗുണ്ടകളെയാണ് ആ ദൃശ്യങ്ങളിൽ കണ്ടത്. എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാത്ത ഒരു അവസ്ഥ ആയിരുന്നു. സഹായത്തിനായി ആദ്യം വിളിച്ചത് സ: ആദർശേട്ടനെ ആയിരുന്നു. അദ്ദേഹം ഈ ക്രൂരത മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിക്കുവാൻ ഏറെ സഹായിച്ചു. അതോടൊപ്പം SFI യുടെ സഖാക്കളെ ഈ വിവരം അറിയിക്കുകയും പഞ്ചാബിലെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്ക് രൂപീകരിക്കുകയും ചെയ്തു. ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും പെട്ടുകിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ എന്താ ചെയ്യാൻ സാധിക്കുക എന്ന് എപ്പോഴും അറിയില്ലായിരുന്നു. ഏകദേശം 1 മണിയോട് കൂടിയാണ് റഹീം സഖാവിനെ വിളിക്കുന്നത്... സഖാവ് ഉടനെ കോൾ എടുക്കുകയും സഹായം ഉറപ്പ് നൽകുകയും ചെയ്തു. അതിനു ശേഷം രാജീവ് സഖാവിനെ വിളിച്ചപ്പോഴും സഖാവ് ഉടനെ തന്നെ കോൾ എടുത്ത് ആവുന്ന ഇടപെടൽ നടത്താം എന്ന് അറിയിച്ചു. കുറച്ച് സമയം കഴിഞ്ഞു റഹീം സഖാവ് തിരിച്ചു വിളിക്കുകയും ആം ആദ്മി പാർട്ടി നേതാവ് ശ്രീ. സഞ്ജയ് സിങ്ങുമായി സംസാരിച്ച വിവരം അറിയിക്കുകയും ചെയ്തു. രാജീവ് സഖാവും തിരിച്ചു വിളിച്ചു സുരക്ഷക്ക് വേണ്ടി സ്വീകരിച്ച നടപടികൾ അറിയിച്ചു. ജലന്ധർ DIGയുമായി സംസാരിച്ചെന്നും ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് അദ്ദേഹം നൽകി എന്നും റഹീം സഖാവ് വീണ്ടും വിളിച്ച് അറിയിച്ചു.

പൊതുപ്രവർത്തകർ എങ്ങനെ ആയിരിക്കണം എന്ന് നേരിട്ട് അനുഭവിച്ച ഒരു രാത്രി ആണ് കടന്നു പോയത്. എൻ്റെ പ്രസ്ഥാനത്തെ കുറിച്ച് അങ്ങേയറ്റം അഭിമാനം തോന്നിയ ഒരു ദിവസം. കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന് ഈ നാട്ടിലെ വലതുപക്ഷം കളിയാക്കിയ അതേ പ്രസ്ഥാനത്തിൻ്റെ പ്രതിനിധികൾ ആണ് ഈ രാജ്യത്തെ ഏത് കോണിലും പോരാളികൾക്ക് കൂട്ടായി നിന്നിട്ടുള്ളത്. ഇന്നലെ അത് നേരിട്ട് അനുഭവിച്ചു.

ഞങ്ങളെ നേർവഴിക്ക് നയിക്കുന്നതിന് പ്രിയ സഖാക്കൾക്ക് നന്ദി.

സർവകലാശാലയിലെ ഗേൾസ് ഹോസ്റ്റലിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതി അവഗണിച്ചതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു വിദ്യാര്‍ഥി പ്രക്ഷോഭം. കാമ്പസിലെ ജീവനക്കാരനാണ്‌ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചത്‌. ഇയാള്‍ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെ പ്രതിഷേധം കടുത്തു. തുടര്‍ന്ന് സര്‍വകലാശാല 10 ദിവസത്തേക്ക് അടച്ചു. അര്‍ധ വാര്‍ഷിക പരീക്ഷയും മാറ്റിവച്ചു. പ്രതിഷേധം പൊളിക്കാന്‍ പുറത്തുനിന്നെത്തിക അക്രമികള്‍ കാമ്പസില്‍ കടന്നുകയറി വിദ്യാര്‍ഥികളെ ആക്രമിച്ചു. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കും അക്രമി സംഘം കയറി. നിരവധിപ്പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വാഹനങ്ങള്‍ക്ക് തീയിടുകയും, കെട്ടിടങ്ങള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT