പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ ആര്‍ജെഡി 25 സീറ്റുകളില്‍ ഒതുങ്ങിയെങ്കിലും തേജസ്വി യാദവിന് ആശ്വസിക്കാം. ബിജെപിയേയും ജെഡിയുവിനേയും അപേക്ഷിച്ച് വോട്ട് വിഹിതം ലഭിച്ചതിനാല്‍ ബിഹാര്‍ ജനതയ്ക്കിടയില്‍ ആര്‍ജെഡിയുടെ തേജസ് അസ്തമിച്ചിട്ടില്ലെന്ന് കരുതാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, മത്സരിച്ച 143 സീറ്റുകളില്‍ 25 എണ്ണം നേടിയ ആര്‍ജെഡി, 23 ശതമാനം വോട്ട് വിഹിതമാണ് നേടിയത്. ഒരു പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്. 2020 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ കുറവും ഉണ്ട്.
തെരഞ്ഞെടുപ്പില്‍ 1.15 കോടി ജനങ്ങള്‍ ആര്‍ജെഡിക്ക് വോട്ട് ചെയ്തു. 89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ വോട്ട് വിഹിതം 20.08 ശതമാനമാണ്. 2020 ല്‍ ബിജെപിയുടെ വോട്ട് വിഹിതം 19.46 ശതമാനമായിരുന്നു.
85 സീറ്റ് നേടിയ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ വോട്ട് ഷെയര്‍ 19.25 ശതമാനമാണ്. 2020 15.39 ശതമാനമായിരുന്ന വോട്ട് ഷെയറാണ് അഞ്ച് വര്‍ഷത്തിനു ശേഷം വര്‍ധിച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍), രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവ ഉള്‍പ്പെടെ എന്‍ഡിഎയുടെ സംയുക്ത വോട്ട് വിഹിതം ഏതാണ്ട് 46-47 ശതമാനമാണ്.
ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാഗഢ്ബന്ധന്റെ ആകെ വോട്ട് വിഹിതം 35.89 ശതമാനമാണ്.
ഒരു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ലഭിക്കുന്ന ആകെ വോട്ടുകളുടെ ശതമാനമാണ് വോട്ട് വിഹിതം. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടേയും സ്ഥാനാര്‍ഥിയുടേയും ജനപ്രീതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ബിഹാര്‍ ജനതയ്ക്കിടയില്‍ ആര്‍ജെഡിയുടേയും തേജസ്വി യാദവിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് ഇതിലൂടെ അനുമാനിക്കാം.
ചില മണ്ഡലങ്ങളില്‍ ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചുവെന്നുമാണ് ഉയര്‍ന്ന വോട്ട് വിഹിതം സൂചിപ്പിക്കുന്നത്. പക്ഷെ, വിജയിക്കാനായില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം അവരുടെ വോട്ട് വിഹിതം കൂട്ടിയെങ്കിലും സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല.
ബിജെപിയേക്കാളും ജെഡിയുവിനേക്കാളും കൂടുതല്‍ സീറ്റുകളില്‍ ആര്‍ജെഡി മത്സരിച്ചതും വോട്ട് വിഹിതം കൂടാനുള്ള മറ്റൊരു കാരണമാണ്. 143 സീറ്റുകളിലാണ് ആര്‍ജെഡി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ബിജെപിയും ജെഡിയുവും 101 സീറ്റില്‍ വീതം മത്സരിച്ചു.