Source: X
NATIONAL

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; 187 ചാക്കുകളിലായി സൂക്ഷിച്ചത് 9550 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്

ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, 12 കാർട്ടണുകൾ, 15 ബണ്ടിലുകൾ നീല ഫ്യൂസ് വയർ, 12 കാർട്ടണുകൾ, അഞ്ച് ബണ്ടിലുകൾ ചുവന്ന ഫ്യൂസ് വയർ എന്നിവയുൾപ്പെടെ പിടികൂടി

Author : ശാലിനി രഘുനന്ദനൻ

ജയ്പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ നിന്നും വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 9,550 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. നഗൗർ ജില്ലയിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സ്ഫോടക വസ്തു അനധികൃത പാറ ഖനനത്തിന് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി പൊലീസ് ഹർസൗർ ഗ്രാമത്തിൽ നടത്തിയ റെയ്ഡ് നടത്തിയത്.

പ്രദേശത്തെ വയലിൽ നിന്ന് 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒരു കണ്ടെടുത്തതായി നാഗൗർ പൊലീസ് സൂപ്രണ്ട് മൃദുൽ കച്ചാവ പറഞ്ഞു. അമോണിയം നൈട്രേറ്റിന് പുറമേ, ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, 12 കാർട്ടണുകൾ, 15 ബണ്ടിലുകൾ നീല ഫ്യൂസ് വയർ, 12 കാർട്ടണുകൾ, അഞ്ച് ബണ്ടിലുകൾ ചുവന്ന ഫ്യൂസ് വയർ എന്നിവയുൾപ്പെടെ നിരവധി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.

ഹർസൗർ ഗ്രാമവാസിയായ സുലൈമാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുമ്പ് മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. നിയമപരവും നിയമവിരുദ്ധവുമായ ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്തതിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വിപുലമായ അന്വേഷണം നടത്തുമെന്നും അധികതർ അറിയിച്ചു.

2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ഉൾപ്പെടെയുള്ള പ്രധാന സ്ഫോടന കേസുകളിൽ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യം 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ജമ്മുവിലെ നുഴഞ്ഞുകയറ്റവും സംഘർഷങ്ങളും ഉൾപ്പെടെ അതിർത്തിയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ ആശങ്ക ഉയർത്തുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

SCROLL FOR NEXT