ഡൽഹി: നവംബർ പത്തിലെ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന് പുറമെ ചാവേറെന്ന് സംശയിക്കുന്ന വ്യക്തിയും പ്രധാന കൂട്ടാളിയും ചേർന്ന് ഡൽഹിയിൽ നിന്ന് മറ്റു രണ്ട് കാറുകൾ കൂടി വാങ്ങിയതായി റിപ്പോർട്ട്. എൻഡിടിവിയാണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. ഈ കാറുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ അറിവില്ല. ഈ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിലേക്ക് നയിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ഈ കാറുകൾക്കും ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് എൻഐഎ.
തിങ്കളാഴ്ച വൈകീട്ട് ഡൽഹി നഗരത്തിൻ്റെ ഹൃദയഭാഗത്ത് നടന്ന ഉഗ്രസ്ഫോടനം രാജ്യത്തെയാകെ നടുക്കിയിരുന്നു. സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ഉമർ നബി, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഒരു ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിലെ വൈദ്യുതി വകുപ്പിലുണ്ടായിരുന്ന ആമിർ റാഷിദ് മിറും കുടുംബവും ഉമറിനെ സഹായിച്ചതായി ആരോപിക്കപ്പെടുന്നു.
ജെയ്‌ഷെ മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണം ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) ആണ് ഏറ്റെടുത്തിട്ടുള്ളത്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിൽ എടുത്തവരുടെയും വ്യക്തി വിവരങ്ങൾ പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. അവരുടെ ആധാർ, ഡ്രൈവിംഗ് ലൈസൻസുകൾ, ഫോൺകോൾ വിവരങ്ങൾ, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, യാത്രാ ചരിത്രം എന്നിവ സൂക്ഷ്മമായി പരിശോധിച്ചു. ആമിറിനെയും അദ്ദേഹത്തിൻ്റെ പ്ലംബർ സഹോദരൻ ഉമർ റാഷിദ് (30), താരിഖ് മാലിക് എന്നിവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, കാറിൽ ഒരു റൈഫിളും വെടിയുണ്ടകളുമായി അറസ്റ്റിലായ ഡോ. ഷഹീൻ സയീദും അന്വേഷണം നേരിടുന്നവരിൽ പ്രധാനിയാണ്. ഡൽഹിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലാണ് അവർ ജോലി ചെയ്തിരുന്നത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിൻ്റെ ഇന്ത്യൻ ശാഖയുടെ ചുമതല അവർ വഹിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന മറ്റു മൂന്ന് ഡോക്ടർമാരെ വിട്ടയക്കാൻ സാധ്യതയുണ്ട്. കാരണം അവർക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇതുവരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഇതേ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന കശ്മീരി ഡോക്ടർ മുസമ്മിൽ ഗനാലെ എന്ന മുസൈബ്, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായിരുന്നു. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. അറസ്റ്റിലായ ഡോ. സയീദുമായും മുസൈബിന് ബന്ധമുണ്ടായിരുന്നു.