

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ പൊലീസും സുരക്ഷാ ഏജൻസികളും ചേർന്ന് തകർത്ത ഭീകരവാദ മൊഡ്യൂളിൻ്റെ സൂത്രധാരൻ ഇമാം ഇർഫാൻ അഹമ്മദ് എന്ന ജമ്മു കശ്മീരിലെ സ്വദേശിയാണെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ ഷോപ്പിയാൻ നിവാസിയാണ് ഇമാം.
ഫരീദാബാദിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിനും, തിങ്കളാഴ്ച ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനും പിന്നാലെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരിൽ ഇമാമുമുണ്ട്.
മെഡിക്കൽ വിദ്യാർഥികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ ഇയാൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ വിദ്യാർഥികളെ തീവ്രവാദ പ്രത്യയശാസ്ത്രത്തിലേക്ക് തള്ളിവിടുന്നതിൽ നിരന്തര ശ്രമം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ശ്രീനഗറിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ സ്റ്റാഫ് അംഗമായിരുന്ന ഇമാം നൗഗാമിലെ പള്ളിയിൽ വെച്ച് കണ്ടുമുട്ടിയ നിരവധി വിദ്യാർഥികളുമായി ബന്ധം പുലർത്തിയിരുന്നതായാണ് വിവരം. ഫരീദാബാദിലെ മെഡിക്കൽ വിദ്യാർഥികളെയും ഇയാൾ ക്രമേണ തീവ്ര ചിന്തകളിലേക്ക് നയിക്കുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദിൻ്റെ വീഡിയോകൾ പോലും അയാൾ വിദ്യാർഥികൾക്ക് പതിവായി കാണിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
VoIP വഴിയും ഡാറ്റാ കണക്ഷൻ ഉപയോഗിച്ചുള്ള കോളുകൾ വഴിയും അഫ്ഗാനിസ്ഥാനിലെ ചില ആളുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. മുസമ്മിൽ ഷക്കീൽ, മുഹമ്മദ് ഉമർ എന്നീ രണ്ട് ഡോക്ടർമാരാണ് ഈ ദൗത്യം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇമാമിനൊപ്പം നിന്നതെന്നും മൊഡ്യൂളിൻ്റെ സൂത്രധാരൻ ഇമാമാണെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി. ഡൽഹി സ്ഫോടനക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ഉമറുമായി ഇർഫാൻ അഹമ്മദിന് നേരിട്ട് ബന്ധമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഡോ. ഷഹീൻ സയീദാണ് ഈ മൊഡ്യൂളിന് പിന്തുണയും സാമ്പത്തിക സഹായവും നൽകിയിരുന്നത്. അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയായിരുന്ന ഷഹീൻ ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ ഇന്ത്യയിലെ നേതാവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.