ഹൈദരാബാദ്: 19 വയസുള്ള വിദ്യാർഥി കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. മറ്റ് വിദ്യാർഥികൾ 10,000 രൂപയുടെ ബിൽ അടയ്ക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. 19കാരനെ സഹപാഠികൾ ചേർന്ന് ബാറിൽ നിന്നും ബിൽ അടയ്ക്കാൻ നിർബന്ധിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹൈദരബാദിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ വിദ്യാർഥികൾ ഒരുമിച്ച് ബാറിൽ പോയിരുന്നു. 10,000 രൂപയോളം വിലമതിക്കുന്ന മദ്യവും ഇവർ കുടിച്ചു. ശേഷം 19കാരനെ കൊണ്ട് നിർബന്ധിച്ച് ബിൽ അടപ്പിക്കുകയായിരുന്നു.
എന്നാൽ വിദ്യാർഥികളെല്ലാം ഒരേ ബാച്ചിൽ പഠിക്കുന്നവരാണെന്നും ഇത് റാഗിങ് അല്ലെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ റെക്കോർഡ് ചെയ്ത വിദ്യാർഥികളെല്ലാം ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
“കേസിലെ പ്രതികൾക്കായി തെരച്ചിൽ നടക്കുന്നുണ്ട്. ആത്മഹത്യാ പ്രേരണ, പിടിച്ചുപറി, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്,” പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.