വിവസ്ത്രനാക്കി, സ്വകാര്യഭാഗങ്ങളിൽ ചെരുപ്പുപയോഗിച്ച് അടിച്ചു! മധുരൈയിൽ വിദ്യാർഥി നേരിട്ടത് ക്രൂരമായ റാഗിങ്
മധുരൈ: തമിഴ്‌നാട് തിരുമംഗലം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐടിഐ) ഞെട്ടിക്കുന്ന റാഗിങ് വിവരങ്ങൾ പുറത്ത്. കോളേജ് ഹോസ്റ്റലിൽ നിന്നും വിദ്യാർഥിയെ സഹപാഠികൾ നഗ്നനാക്കി ആക്രമിച്ചെന്നാണ് പരാതി. സംഭവത്തിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പുറത്തുവന്ന വീഡിയോയിൽ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് കുട്ടിയുടെ വസ്ത്രങ്ങൾ ബലമായി അഴിക്കുന്നതായി കാണാം. പിന്നാലെ ജനനേന്ദ്രിയത്തിൽ ചെരുപ്പ് ഉപയോഗിച്ച് പല തവണ അടിക്കുകയാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോളേജ് ഹോസ്റ്റലുകളിലെ സുരക്ഷയും അച്ചടക്കവും സംബന്ധിച്ചുള്ള ഗുരുതര ആശങ്കകൾ ഉയരുന്നുണ്ട്.
വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടക്കുന്നത് വരെ ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളജിലെ റാഗിങ് ഓർമിപ്പിക്കും വിധമുള്ള വാർത്തയാണ് തിരുമംഗലത്ത് നിന്നും പുറത്തുവന്നിരിക്കുന്നത്. 2025 ഫെബ്രുവരിയിലായിരുന്നു കോട്ടയത്തെ ഞെട്ടിക്കുന്ന സംഭവം. സർക്കാർ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്.
കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്.