അമരാവതി: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം പാർട്ടി നേടിയ വിജയത്തിൽ അഭിനന്ദനം അറിയിച്ച് നടനും ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്‌യുടെ നേട്ടം അഭിമാനിക്കാവുന്നതാണെന്നും ഇതിൽ തനിക്ക് അസൂയ തോന്നുവെന്നും പവൻ കല്യാൺ പറഞ്ഞു.
താൻ 15 വർഷമായി തെരുവുകളിൽ അലഞ്ഞു തിരിയുകയാണെന്നും എന്നാൽ വിജയ് പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ചാണ് വിജയിച്ചതെന്നും പവൻ കല്യാൺ ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ പവൻ കല്യാണും വിജയും തമ്മിലുള്ള താരതമ്യങ്ങൾ ഓൺലൈനിൽ തുടരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
ഒരു പാർട്ടിയ മുന്നോട്ട് നയിക്കണമെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകളെ കുറിച്ച് ആഴത്തിലുള്ള ധാരണ അനിവാര്യമാണെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ മാറ്റം വരുത്തുമെന്ന വാഗ്ദാനത്തോടെ പവൻ കല്യാൺ 2014 ലാണ് ജനസേന പാർട്ടി ആരംഭിച്ചത്. എന്നാൽ, വർഷങ്ങളോളം പാർട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
തുടർച്ചയായ തിരിച്ചടികളാണ് പവൻ കല്യാണിനെ കാത്തിരുന്നത്. 2019 ൽ അദ്ദേഹം മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളിലും പവൻ പരാജയപ്പെട്ടിരുന്നു. അന്ന് ജനസേനയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. എൻ. ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടിയുമായി കൈകോർത്തതോടൊയാണ് പവൻ്റെ രാഷ്ട്രീയ ഭാഗ്യം മാറിമറിഞ്ഞത്.
2024 ലെ ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം വൻ വിജയം നേടി. അങ്ങനെ പവൻ കല്യാൺ സംസ്ഥാനത്തെ ഉപ മുഖ്യമന്ത്രിയാവുകയും ചെയ്തു.