പ്രതീകാത്മക ചിത്രം  Source: Pexels
NATIONAL

'കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം'; ജോലി തേടി എത്തിയത് ഒരുകൂട്ടം യുവാക്കൾ, പിന്നാലെ ട്വിസ്റ്റ്

'ഓൾ ഇന്ത്യ പ്രഗ്നൻ്റ് ജോബ്' എന്ന പേരിലാണ് ഇത് നടപ്പിലാക്കിയത്.

Author : ന്യൂസ് ഡെസ്ക്

പട്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണി ആക്കിയാൽ 10 ലക്ഷം വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. 'ഓൾ ഇന്ത്യ പ്രഗ്നൻ്റ് ജോബ്' എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ ജോലിയെ കുറിച്ച് ആദ്യം സോഷ്യൽമീഡിയയിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കാം, സാമ്പത്തിക പ്രതിഫലം നൽകും എന്നിങ്ങനെയുള്ള ഓഫറുകളാണ് യുവാക്കൾക്ക് നൽകിയിരുന്നത്.

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കാൻ പ്രതികൾ പുരുഷന്മാർക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പരാജയപ്പെട്ടാലും പകുതി പണം ലഭിക്കുമെന്ന് അവർക്ക് ഉറപ്പുനൽകി. യുവതികളുടെ ഫോട്ടോ പങ്കുവച്ച് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുകയും ചെയ്തു. ജോലിക്ക് സന്നദ്ധരായി എത്തിയ യുവാക്കളോട് രജിസ്ട്രേഷൻ ഫീസ്, ഹോട്ടലിൽ നൽകാനുള്ള തുക എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പ് തിരിച്ചറിയാത്ത യുവാക്കൾ അവർ പറയുന്ന തുക നൽകാൻ തയ്യാറാകുകയും ചെയ്തു.

പണം ലഭിക്കുമെന്ന ഒറ്റ കാരണത്തിൽ യുവാക്കൾ ഇതിലേക്ക് കടന്നുവന്നുകൊണ്ടേയിരുന്നു. ക്രമേണ പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയെങ്കിലും, പുറത്തുപറഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്ന് പലരും ഈ കാര്യം തുറന്നുപറയാൻ തയ്യാറായില്ല. പരാതിയെ തുടർന്ന് നവാഡ സ്വദേശിയായ രഞ്ജൻ കുമാർ എന്നയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അന്വേഷണസംഘം അറയിച്ചു.

തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് അഭിനവ് ധിമാൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം അസാധാരണ അവകാശവാദങ്ങളെ വിശ്വസിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദേശം നൽകി. ഇത്തരം സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അവർ അറിയിച്ചു.

SCROLL FOR NEXT