NATIONAL

സമരം തുടരും… പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ, സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ഇന്നും തുടരും. കൊണാട്ട് പ്ലേസ്, ജൻപഥ്, മണ്ഡി ഹൗസ്‌ എന്നിവിടങ്ങളിലായിരിക്കും പ്രതിഷേധം. രണ്ടാംഘട്ട സമരം നടത്തുമെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമരരീതി പ്രഖ്യാപിച്ചിട്ടില്ല. നവരാത്രി ആഘോഷങ്ങൾക്ക് ശേഷമാകും വിപുലമായ സമരത്തിലേക്ക് ഇന്ത്യാ സഖ്യം കടക്കുക.

അതിനിടെ പ്രതിഷേധ വിലക്ക് ഏർപ്പെടുത്തിയ ജന്തർമന്തറിൽ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ മൂന്ന് മണിയോടെ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

എസ്‌ഐആർ ക്രമക്കേടിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനായി പൗര പ്രമുഖരുടെ നേതൃത്വത്തിൽ കൂടിയാലോചനാ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രശാന്ത് ഭൂഷൺ,പ്രകാശ് രാജ്, പറകാല പ്രഭാകർ തുടങ്ങിയവർ പങ്കെടുക്കും. ഇന്നലെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകരെ ഒമ്പത് മണിക്കൂറിന് ശേഷമാണ് ഡൽഹി പൊലീസ് വിട്ടയച്ചത്.

ജന്തർമന്തറിൽ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

SCROLL FOR NEXT