ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം: ബെനഡിക്ട് കാലത്തേക്ക് സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ

പരമ്പരാഗത ലത്തീൻ കുർബാനയുടെ വാതിൽ അടച്ചതിൽ പ്രധാന പങ്ക് വഹിച്ചയാൾ. അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് ആക്കിയത് പുറമേ പ്രമോഷനായി തോന്നുമെങ്കിലും, അധികാരത്തിന്റെ കാര്യത്തിൽ അത് വൻ തിരിച്ചടിയാണ്.
ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം:
ബെനഡിക്ട് കാലത്തേക്ക്  സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ
Published on: 
Updated on: 

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കസേര മാറ്റം വെറും സ്ഥലംമാറ്റമല്ല. വത്തിക്കാനിൽ "Golden Exile" - സുവർണ്ണ പ്രവാസം എന്ന് പറയുന്ന രീതിയാണ് ഇത്. ലത്തീൻ സഭ 60 വർഷത്തെ ചരിത്രത്തിൽ നിന്ന് എങ്ങോട്ട് തിരിയും എന്ന് നിശ്ചയിക്കുന്ന ഭൂകമ്പത്തിന്റെ ആദ്യ പ്രകമ്പനമാണ്. വിറ്റോറിയോ വയോളയെ സെന്റ് പീറ്റേഴ്സിലേക്ക് മാറ്റിയതിലൂടെ ലിയോ പതിനാലാമൻ മാർപാപ്പ രണ്ട് പേർക്ക് ഒരുമിച്ച് തിരിച്ചടി നൽകി - വയോളയ്ക്കും കർദിനാൾ ആർതർ റോഷിനും.

വയോള ഡികാസ്റ്ററിയുടെ സെക്രട്ടറിയായിരുന്നു. Traditionis Custodes നടപ്പാക്കിയതിൽ റോഷിന്റെ വലംകൈ. പരമ്പരാഗത ലത്തീൻ കുർബാനയുടെ വാതിൽ അടച്ചതിൽ പ്രധാന പങ്ക് വഹിച്ചയാൾ. അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് ആക്കിയത് പുറമേ പ്രമോഷനായി തോന്നുമെങ്കിലും, അധികാരത്തിന്റെ കാര്യത്തിൽ അത് വൻ തിരിച്ചടിയാണ്. സെന്റ് പീറ്റേഴ്സ് തിളക്കമുള്ള സ്ഥാനമാണ്, പക്ഷേ സാർവത്രിക സഭയുടെ ആരാധനാക്രമ നിയമങ്ങൾ എഴുതാൻ അധികാരമില്ലാത്ത സ്ഥാനം.

ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം:
ബെനഡിക്ട് കാലത്തേക്ക്  സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ
കർദിനാൾ റോഷിന് ശേഷം ആര് ? അൾത്താരയിലേക്ക് തിരിഞ്ഞു നിൽക്കുന്ന മാർപാപ്പയുടെ അടുത്ത നീക്കം എന്ത്?

അധികാരം കുറഞ്ഞ, തിളക്കം കൂടിയ സ്ഥലത്തേക്ക് മാറ്റുക. അയാൾക്ക് മനസ്സിൽ വിഷമം തോന്നില്ല, പുറത്തുനിന്ന് നോക്കുന്നവർക്ക് പ്രമോഷനായി തോന്നും. പക്ഷേ വത്തിക്കാൻ നിരീക്ഷകർ വിലയിരുത്തുന്നത് ഇതാണ് - "വയോളയുടെ നീക്കം പ്രമോഷനാണെങ്കിലും അധികാരം കുറഞ്ഞ പോസ്റ്റിലേക്കാണ്. റോഷ് കെട്ടിപ്പടുത്ത ടീം പൊളിഞ്ഞു. പക്ഷേ ഏറ്റവും വലിയ തീരുമാനം ഇനിയും ബാക്കി - അടുത്ത പ്രീഫെക്ട് ആര്?" അതായത് റോഷിന് ശേഷം വയോള പ്രീഫെക്ട് ആകും എന്ന സാധ്യത ലിയോ അടച്ചു.

ഇത് ഏത് കാലത്തേക്കുള്ള തിരിച്ചുപോക്കാണ്?

ഇത് മനസ്സിലാക്കാൻ 60 വർഷം പിന്നോട്ട് പോകണം. ജോൺ 23-ാമൻ (1958-1963): രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചയാൾ. അദ്ദേഹത്തിന്റെ കാലത്ത് പഴയ കുർബാന (Tridentine Mass) മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോൾ ആറാമൻ (1963-1978): പരിഷ്കരണം നടപ്പാക്കിയയാൾ. 1969-ൽ Novus Ordo - പുതിയ കുർബാന - കൊണ്ടുവന്ന് സഭയെ ജനത്തിലേക്ക് തിരിച്ചു നിർത്തി (Versus Populum). ജോൺ പോൾ രണ്ടാമൻ (1978-2005): 1984-ൽ Quattuor abhinc annos, 1988-ൽ Ecclesia Dei വഴി പഴയ കുർബാനയ്ക്ക് വീണ്ടും ചെറിയ വാതിൽ തുറന്നു.എന്നാൽ ആ നീക്കം മുമ്പോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല കാരണം അദ്ദേഹത്തിന്റെ ലിറ്റർജി മാസ്റ്റർ പിയെറോ മരിനി - പൂർണമായും പോൾ ആറാമന്റെ പരിഷ്കരണത്തിന്റെ ആളായിരുന്നു.

ബെനഡിക്ട് പതിനാറാമൻ (2005-2013): ഇവിടെയാണ് തിരിച്ചുപോക്കിന്റെ തുടക്കം. അദ്ദേഹത്തിന്റെ തിയറി "Reform of the Reform" ആയിരുന്നു. 2007-ൽ ചരിത്രപ്രസിദ്ധമായ Summorum Pontificum ഇറക്കി. പറഞ്ഞു - പഴയ കുർബാന ഒരിക്കലും നിരോധിച്ചിട്ടില്ല, അത് Extraordinary Form ആണ്. ഏതൊരു വൈദികനും ബിഷപ്പിന്റെ അനുമതിയില്ലാതെ ചൊല്ലാം. Ad Orientem (അൾത്താരാഭിമുഖം) വീണ്ടും തിരിച്ചു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ MC ആയി ഗ്വിഡോ മരിനി വന്നു. ഫ്രാൻസിസ് മാർപാപ്പ (2013-2025): ബെനഡിക്ടിന്റെ തിരിച്ചുപോക്കിനെ പൂർണമായി റിവേഴ്സ് അടിച്ചു. 2021-ൽ Traditionis Custodes. പറഞ്ഞു - പഴയ കുർബാന ഇനി ബിഷപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രം, കത്തീഡ്രലിൽ പാടില്ല. റോഷും വയോളയും അതിന്റെ നടത്തിപ്പുകാരായിരുന്നു. അപ്പോൾ ലിയോ പതിനാലാമൻ എങ്ങോട്ട്? ലിയോ ചെയ്യുന്നത് ബെനഡിക്ടിന്റെ കാലത്തേക്കുള്ള സോഫ്റ്റ് റിട്ടേണാണ്.

ഇത് 1969-ലെ പോൾ ആറാമൻ കാലത്തേക്കോ 2021-ലെ ഫ്രാൻസിസ് കാലത്തേക്കോ ഉള്ള തിരിച്ചുപോക്കല്ല, 2007-ലെ ബെനഡിക്ട് പതിനാറാമന്റെ Summorum Pontificum കാലത്തേക്കുള്ള സോഫ്റ്റ് റിട്ടേണാണ്. പക്ഷേ ബെനഡിക്ട് രേഖ വഴി ചെയ്തത്, ലിയോ ആളെ വെച്ച് ചെയ്യുന്നു. നിയമം കൊണ്ടല്ല, നിയമനം കൊണ്ട്. പിന്നിൽ സാറാ ഫാക്ടർ - ഈ കളിയിലെ ഏറ്റവും വലിയ കിംഗ് മേക്കർ. കർദിനാൾ റോബർട്ട് സാറാ 80 വയസ്സ് കഴിഞ്ഞു, വോട്ടില്ല, പ്രീഫെക്ട് അല്ല. പക്ഷേ ലിയോ പതിനാലാമന്റെ ആരാധനാക്രമ നയത്തിൽ അദ്ദേഹത്തിന്റെ നിഴൽ എല്ലായിടത്തുമുണ്ട്. സാറാ 2014 മുതൽ 2021 വരെ ഈ ഡികാസ്റ്ററിയുടെ പ്രീഫെക്ട് ആയിരുന്നു. ഫ്രാൻസിസ് അദ്ദേഹത്തെ മാറ്റി റോഷിനെ കൊണ്ടുവന്നതോടെയാണ് Traditionis Custodes വന്നത്. അതുകൊണ്ട് സാറാ എന്നത് വെറും ഒരു പേരല്ല, ഒരു പ്രതീകമാണ് - ബെനഡിക്ടിന്റെ ആരാധനാക്രമത്തിന്റെ *പ്രതീകം.

ഫ്രാൻസിസ് ഒഴിവാക്കിയ ആളെ ലിയോ എന്ത് ചെയ്തു?

ഒന്നാമതായി, 2025 മെയ് 29-ന് ഫ്രാൻസിലെ സെന്റ്-ആൻ-ദൊറേ തീർത്ഥാടനത്തിന്റെ 400-ാം വാർഷികത്തിന് തന്റെ പ്രത്യേക ദൂതനായി നിയമിച്ചു. ഫ്രാൻസിലെ ഏറ്റവും പഴക്കമുള്ള തീർത്ഥാടന കേന്ദ്രം, ആയിരക്കണക്കിന് യുവാക്കൾ വരുന്ന സ്ഥലം. അവിടെ മാർപാപ്പയുടെ മുഖമായി ഒരു ആഫ്രിക്കൻ പരമ്പരാഗത കർദിനാൾ. ഇത് സിംബൽ ആണ്. ഈ നിയമനത്തിന് ആധികാരിക തെളിവ് ഈ ലിങ്കുകളിൽ ലഭ്യമാണ് -

https://thecatholicherald.com/cardinal-robert-sarah-given-appointment-by-pope-leo-xiv/

https://www.ewtn.ie/2025/05/29/cardinal-sarah-to-represent-pope-leo-xiv-at-celebrations-of-apparitions-of-st-anne/

രണ്ടാമതായി, 2025 സെപ്റ്റംബറിൽ വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് ആധികാരിക തെളിവ് ഈ ലിങ്കുകളിൽ ലഭ്യമാണ് -

https://www.catholicculture.org/news/headlines/index.cfm?storyid=68367

https://www.ncregister.com/cna/pope-leo-xiv-receives-cardinal-sarah-in-private-audience

https://www.thecatholicthing.org/2025/09/24/pope-leo-meets-with-cardinal-sarah/

ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സാറാ പറഞ്ഞു: "ഞാൻ മാർപാപ്പയോട് സംസാരിച്ചിട്ടുണ്ട്. ഈ യുദ്ധത്തെക്കുറിച്ച്, ഈ ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. മാർപാപ്പ എല്ലാവരുടെയും പിതാവാണ് - പരമ്പരാഗതവാദികളുടെയും പുരോഗമനവാദികളുടെയും."

മൂന്നാമതായി, 2026 ജനുവരിയിൽ ലിയോ കർദിനാൾമാരുടെ അടിയന്തര സിനഡ് വിളിച്ചപ്പോൾ ആരാധനാക്രമം അജണ്ടയിൽ ഉൾപ്പെടുത്തി. ഈ വിവരത്തിന് ആധികാരിക തെളിവ് ഈ ലിങ്കുകളിൽ ലഭ്യമാണ് -

https://www.vaticannews.va/en/pope/news/2026-01/pope-leo-first-extraordinary-consistory-january-7-8.html

https://zenit.org/2026/01/07/liturgy-and-the-roman-curia-are-left-out-as-topics-for-leo-xivs-first-consistory/

https://www.catholicworldreport.com/2026/01/08/liturgy-sidestepped-at-pope-leo-xivs-first-consistory/

വത്തിക്കാൻ വാർത്ത അനുസരിച്ച്, Evangelii Gaudium, Praedicate Evangelium, Synodality, Liturgy എന്നീ നാല് വിഷയങ്ങളാണ് അജണ്ടയായി പ്രഖ്യാപിച്ചത്. സമയപരിമിതി കാരണം രണ്ട് വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്തുള്ളൂ, Liturgy ഒഴിവാക്കപ്പെട്ടു. പക്ഷേ വിഷയം തള്ളിയതല്ല എന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരുന്നു. ആ സിനഡിന്റെ ഭാഷ എന്തായിരുന്നു? "ശരിയായ പാരമ്പര്യം നിലനിർത്തി, നിയമാനുസൃതമായ പുരോഗതിക്ക് തുറന്നിരിക്കുക" - ഇത് Sacrosanctum Concilium-ൽ നിന്നുള്ള വാചകം, സാറായുടെ പ്രിയപ്പെട്ട വാചകം. ആ സിനഡിൽ സാറാ പറഞ്ഞ വാക്കുകൾ ഇന്നും വത്തിക്കാനിൽ ചർച്ചയാണ് - "ആരാധനാക്രമം പോലെ അത്യാവശ്യമായ ഒരു കാര്യത്തിൽ യുദ്ധം ഉണ്ടാകുന്നത് ഒരു ദുരന്തമാണ്, ഒരു പാപമാണ്. Summorum Pontificum ലേക്ക് മടങ്ങണം."

ലിയോയുടെ സ്മൂത്ത് ട്രാൻസിഷൻ തന്ത്രം - മൂന്ന് ഘട്ടം

ലിയോയുടെ തന്ത്രം വ്യക്തമാണ്.

ഒന്നാം ഘട്ടം - വയോളയെ മാറ്റുക: ഒരാളെ പുറത്താക്കി ബഹളം ഉണ്ടാക്കുന്നില്ല, പകരം തിളക്കമുള്ളതും അധികാരം കുറഞ്ഞതുമായ സ്ഥലത്തേക്ക് മാറ്റുന്നു. രണ്ടാം ഘട്ടം - ഗാർസിയയെ കൊണ്ടുവരിക: വയോളയുടെ സ്ഥാനത്ത് കൊണ്ടുവന്നത് ആരെയാണ്? ഔറേലിയോ ഗാർസിയ മസിയാസ്. "more administrative than ideological" - അതായത് ഏതെങ്കിലും കടുത്ത ആശയത്തിൻ്റെ വക്താവല്ല, ഫയൽ നോക്കുന്ന ഉദ്യോഗസ്ഥൻ. അയാൾ വന്നതോടെ ഡികാസ്റ്ററിയിൽ Traditionis Custodes ന്റെ കടുത്ത ആശയപരമായ തലച്ചോറ് ഇല്ലാതായി. അതിനുമപ്പുറം ശ്രദ്ധിക്കപ്പെടേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ഗാർസിയ 2015-ൽ സാറായുടെ കീഴിലാണ് ഡികാസ്റ്ററിയിൽ എത്തിയത്, 2010 മുതൽ ബെനഡിക്ടിന്റെ കാലം മുതൽ കൺസൾട്ടറാണ്.

മൂന്നാം ഘട്ടം - റോഷിനെ മാറ്റി പുതിയ പ്രീഫെക്ട്: ഇനി ബാക്കിയുള്ളത് റോഷ് മാത്രം. 2027 മാർച്ചിൽ 77 വയസ്സ് തികയുന്ന റോഷിന്റെ രാജിക്കത്ത് ഇതിനകം മാർപാപ്പയുടെ മേശപ്പുറത്തുണ്ട്. റോഷ് പോകുമ്പോൾ ഡികാസ്റ്ററിയിൽ വയോളയില്ല, ആശയപരമായ എതിർപ്പ് പറയാൻ ആരുമില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിൽ റോഷിന്റെ പിൻഗാമിയെ ലിയോ പ്രഖ്യാപിക്കും. ആ നിയമനത്തിലൂടെ റോഷിനും അദ്ദേഹം പ്രതിനിധീകരിച്ച കർശന നിലപാടിനും അന്തിമ തിരിച്ചടിയാകും. പകരം വരാൻ സാധ്യത മൂന്ന് പേർക്ക് - നിശബ്ദ പരിഷ്കർത്താവായ ഡീഗോ റവേല്ലി (പാപ്പയുടെ കർമ്മങ്ങളുടെ മാസ്റ്റർ, ലിയോയുടെ രണ്ട് രഹസ്യ അൾത്താരാഭിമുഖ കുർബാനകൾ കാസ്റ്റൽ ഗാൻഡോൾഫോ, ഡോമസ് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ക്രമീകരിച്ചയാൾ), തുടർച്ചയിലെ മാറ്റമായ ഗാർസിയ മസിയാസ്, ജറുസലേമിൽ നിന്നുള്ള പിയർബാറ്റിസ്റ്റ പിസബല്ല.

പിസബല്ലയുടെ റോൾ എവിടെ? പിസബല്ല നേരിട്ട് പ്രീഫെക്ട് ആകണമെന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ദർശനമാണ് ലിയോയ്ക്ക് വേണ്ടത്. പിസബല്ല ജറുസലേമിൽ എന്ത് ചെയ്യുന്നു? പരിശുദ്ധ സെപൾക്കർ പള്ളിയിൽ ദിവസവും അൾത്താരാഭിമുഖമായി (Ad Orientem) കുർബാന ചൊല്ലുന്നു, പക്ഷേ ജനങ്ങളെ ഒരിക്കലും അകറ്റുന്നില്ല. യുദ്ധത്തിനിടയിൽ മുസ്ലീങ്ങളെയും യഹൂദരെയും ക്രിസ്ത്യാനികളെയും ഒരുമിച്ച് ചേർത്തുപിടിക്കുന്നു. അതാണ് ലിയോയുടെ മാതൃക - പാരമ്പര്യത്തിൽ ഉറച്ച്, പക്ഷേ എല്ലാവരെയും ഉൾക്കൊള്ളുന്ന മൂന്നു പേരും സാറായുടെ ശിഷ്യന്മാരോ, സാറായുടെ ദർശനം പങ്കിടുന്നവരോ ആണ്. ഗ്വിഡോ മരിനി സാറായുടെ ഏറ്റവും വിശ്വസ്തൻ ആയിരുന്നു. ലിയോയ്ക്ക് സാറായെ വേണം, കാരണം കത്തോലിക്കാ സഭയുടെ ഇന്നത്തെ കേന്ദ്രസ്ഥാനം ആഫ്രിക്കയ്ക്ക് ആണ് അവകാശപ്പെട്ടത്.

ആഫ്രിക്ക - 26.5 കോടി കത്തോലിക്കർ, ഏറ്റവും വേഗത്തിൽ വളരുന്ന സഭ. ആ ആഫ്രിക്കൻ സഭയുടെ മുഖമാണ് സാറാ. അതുകൊണ്ട് ലിയോയുടെ തന്ത്രം ഇതാണ്: സാറായെ ഔദ്യോഗിക സ്ഥാനത്ത് ഇരുത്താതെ, അദ്ദേഹത്തിന്റെ ആശയത്തെ ഡികാസ്റ്ററിയിൽ തിരിച്ചു കൊണ്ടുവരിക. വയോളയെ മാറ്റി, റോഷിനെ മാറ്റി, പകരം സാറായുടെ ശിഷ്യന്മാരായ റവേല്ലി/ഗാർസിയയെ കൊണ്ടുവരിക.

പുതിയ പ്രീഫെക്ട് വന്നാൽ എന്ത് സംഭവിക്കും?

1. Traditionis Custodes ന്റെ കർശന നിരോധനം അയയും. മെൽബൺ കത്തീഡ്രൽ പോലെ കത്തീഡ്രലിൽ പഴയ കുർബാന പാടില്ല എന്ന നിലപാട് മാറും.

2. Ad Orientem-ന് (അൾത്താരാഭിമുഖ കുർബാനയ്ക്ക്) ഔദ്യോഗികമായി വീണ്ടും സ്ഥാനം കിട്ടും. ലിയോ തന്നെ ചെയ്തത് പോലെ, വൈദികന് തിരഞ്ഞെടുക്കാം എന്ന നില വരും.

3. ഫ്രഞ്ച് ബിഷപ്പുമാർക്ക് കൊടുത്ത സന്ദേശം പോലെ - "പരമ്പരാഗത വിശ്വാസികളെ ഉദാരമായി ഉൾക്കൊള്ളണം" എന്ന നിർദ്ദേശം എല്ലാ ബിഷപ്പുമാർക്കും പോകും.

ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം:
ബെനഡിക്ട് കാലത്തേക്ക്  സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ
ലത്തീൻ കത്തോലിക്ക സഭയിലും അൾത്താരാഭിമുഖ കുർബാന തിരിച്ചു വരുമോ ?

ചുരുക്കത്തിൽ: വയോളയെ മാറ്റിയത് ആളെ മാറ്റാനല്ല, ആശയം മാറ്റാനാണ്. അധികാരം കുറഞ്ഞ സ്ഥലത്തേക്ക് മാറ്റി ആശയത്തെ ദുർബലപ്പെടുത്തി, പുതിയ ആളെ കൊണ്ടുവന്ന് പുതിയ ആശയം നടപ്പാക്കുക - അതാണ് ലിയോയുടെ സ്മൂത്ത് ട്രാൻസിഷൻ.

പിസബല്ല-ലിയോ അച്ചുതണ്ട് പിന്നിൽ, സാറായുടെ തത്വശാസ്ത്രം ഉണ്ട്. ലിയോ സ്വയം അൾത്താരയിലേക്ക് തിരിഞ്ഞു നിന്നാൽ മാത്രം പോരാ, ആ തിരിയൽ നടപ്പാക്കാൻ ഡികാസ്റ്ററിയുടെ തലപ്പത്ത് അതിനെ അനുകൂലിക്കുന്ന ഒരാൾ വേണം. അതാണ് ഈ നിയമനം അടുത്ത 10 വർഷം ലത്തീൻ കത്തോലിക്കാ സഭയുടെ പ്രയാണത്തെ നിശ്ചയിക്കുന്നതാകുന്നത്. ലത്തീൻ സഭ അൾത്താരാഭിമുഖമാകുമോ? ഉത്തരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ റോമിൽ നിന്ന് വരും. അത് 1969-ലെ പോൾ ആറാമനിലേക്കോ 2021-ലെ ഫ്രാൻസിസിലേക്കോ അല്ല, 2007-ലെ ബെനഡിക്ടിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കായിരിക്കും.

(ഈ ലേഖനത്തിലെ നിയമന വിവരങ്ങൾക്ക് ആധികാരിക തെളിവായി ഔദ്യോഗിക വത്തിക്കാൻ സ്രോതസ്സുകളും കത്തോലിക്കാ മാധ്യമങ്ങളും ചേർത്തിരിക്കുന്നു. വിശകലനവും നിഗമനങ്ങളും ലേഖകന്റേതാണ്.)

News Malayalam 24x7
newsmalayalam.com