വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. ഒരു ലക്ഷത്തിലധികം പേർ റാലിയുടെ ഭാഗമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച റാലിയാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച തെളിവുകൾ ഇന്നത്തെ റാലിക്ക് ശേഷം നടക്കുന്ന പൊതുപരിപാടിയിലും കോൺഗ്രസ് ഉന്നയിക്കും. റാലിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വിഷയം പാർലമെന്റിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ രാഹുലിന്റേത് കള്ളക്കണക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രതിരോധം.
അതേസമയം, രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാനാണ് കത്തിലെ നിർദേശം. തുടർ നടപടികള്‍ ആരംഭിക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്.
രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തെളിവുകള്‍ നിരത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വാർത്താ സമ്മേളനം. 'വോട്ട് കൊള്ള' ആരോപണം ചർച്ചയായതോടെയാണ് രാഹുലിന് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചത്.