NATIONAL

പാര്‍ലമെന്റ് മാതൃകയില്‍ ഗ്യാനേഷിന്റെ കുറ്റവിചാരണ!; ഡല്‍ഹി സാക്ഷ്യം വഹിച്ച ഇന്‍ഡ്യാ സഖ്യത്തിന്റെ അസാധാരണ നടപടി

പ്രതിഷേധങ്ങളുടെ കനല്‍ അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രതീകാത്മക കുറ്റവിചാരണ

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷിനെതിരെ ശക്തമായ സമരമാണ് കുറച്ചു കാലമായി ഡല്‍ഹി കണ്ടത്. ആ പ്രതിഷേധങ്ങളുടെ കനല്‍ അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രതീകാത്മക കുറ്റവിചാരണ നടത്തിക്കൊണ്ടുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ മോക്ക് പാര്‍ലമെന്റ്. പ്രതീകാത്മകമായി വിചാരണ നടത്തുക മാത്രമല്ല, പ്രമേയം പാസാക്കുകയും ചെയ്തു. അത് അവതരിപ്പിച്ചത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്.

വോട്ടെടുപ്പ് അട്ടിമറിയുടെ ഗൂഢാലോചന ഉള്‍പ്പെടെ ഗ്യാനേഷ് കുമാറിനെതിരെ ആറു കുറ്റങ്ങള്‍ നിരത്തിയാണ് ഖാര്‍ഗെ പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റ് നടപടികളുടെ മാതൃകയില്‍ നടന്ന കുറ്റവിചാരണയില്‍ പ്രതിപക്ഷ നേതാള്‍ക്കൊപ്പം വോട്ട് നഷ്ടമായവരും പൊതുപ്രവര്‍ത്തകരും ഭാഗമായി. ജനകീയ കുറ്റവിചാരണയോടെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രണ്ടാം ഘട്ട പ്രതിഷേധത്തിനും ഇതോടെ തുടക്കമായി.

അസാധാരണ നടപടികള്‍ക്കാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ ആയിരുന്ന മീരാ കുമാര്‍ ജനകീയ കുറ്റവിചാരണയ്ക്ക് അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിര്‍ദേശപ്രകാരമാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഖാര്‍ഗെ ആരോപിച്ചു. തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെതിരെ ആറ് കുറ്റങ്ങള്‍ നിരത്തിയുള്ള പ്രമേയവും ഖാര്‍ഗെ അവതരിപ്പിച്ചു.

തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടര്‍മാരെ ഒഴിവാക്കി, പാര്‍ലമെന്റിനെ മറികടന്നു ഫോം 6 തിരുത്തി, ഇസിഐ നെറ്റ് വഴി വോട്ടര്‍പട്ടിക കൈക്കലാക്കി, മറ്റു രണ്ടു കമ്മീഷണര്‍മാരെ അകറ്റി നിര്‍ത്തി , മോദിയുടെയും അമിത് ഷായുടെയും താല്പര്യ പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങിയവയാണ് ആറ് കുറ്റങ്ങള്‍. പ്രമേയം അവതരിപ്പിച്ച ഖാര്‍ഗെയ്ക്ക് പിന്നാലെ ഇന്‍ഡ്യ സഖ്യത്തിന്റെ വിവിധ കക്ഷി നേതാക്കള്‍ സംസാരിച്ചു. കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ്, പി സന്തോഷ് കുമാര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ ജോസ് കെ. മാണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ഡല്‍ഹിയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും, യോഗേന്ദ്രയാദവ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും, നേഹ ബോറ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളും പ്രതീകാത്മക കുറ്റ വിചാരണയുടെ ഭാഗമായി.

ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഭരണഘടനയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പവിത്രമായ കടമയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ 15 ശതമാനം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇവരെല്ലാം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരാണ്. ഇത് 2024 ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ഗ്യാനേഷിനെ പുറത്താക്കി കൊണ്ടുള്ള പ്രതീകാത്മക പ്രമേയം ഐകകണ്‌ഠ്യേന പാസ്സാക്കി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. നാളെ രാംലീല മൈതാനത്ത് മഹാറാലിയും നടക്കാനിരിക്കുകയാണ്.

SCROLL FOR NEXT