

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റുമായി ഇന്‍ഡ്യാ സഖ്യത്തിന്റെ മോക്ക് പാര്‍ലമെന്റ്. ജനകീയ വിചാരണയെന്നാണ് സമരത്തിന് ഇന്‍ഡ്യാ സഖ്യം പേര് നല്‍കിയിരിക്കുന്നത്. മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ആണ് പാര്‍ലമെന്റ് നിയന്ത്രിക്കുന്നത്. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് ജനകീയ വിചാരണ നടക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കുന്നതിനായാണ് (ജന്‍ മഹാഭിയോഗ് (ജനകീയ കുറ്റവിചാരണ) എന്ന് പേര് മാറ്റിയതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.
ഗ്യാനേഷ് കുമാറിന് ബിജെപിയുടെ സംരക്ഷണം ലഭിക്കുന്നു. ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ല. മൗലികാവകാശം വെല്ലുവിളി നേരിടുന്നു. കമ്മീഷന്‍ നിഷ്പക്ഷമാകണമെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചോരി നടത്തുന്നത്. വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണ്. ഗ്യാനേഷ് കുറ്റവിചാരണ നേരിടണമെന്നും ഖാര്‍ഗെ പറഞ്ഞു.
എസ്‌ഐആര്‍ റദ്ദാക്കണം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ജനാധിപത്യ സംരക്ഷണത്തിനായാണ് പോരാട്ടമെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രതീകാത്മക ഇംപീച്ച്‌മെന്റില്‍ ഗ്യാനേഷ് കുമാറിനെതിരെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
1. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നല്‍കി
2. 13.2 വോട്ടര്‍മാരുടെ പേരുകള്‍ വെട്ടി നീക്കി
3. പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെ ഫോം 6ല്‍ മാറ്റം വരുത്തി
4. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ അഴിമതി നടത്തി.
5. രണ്ട് കമ്മീഷണര്‍മാരെ നോക്കുകുത്തിയാക്കി
6. മോദിക്കും അമിത്ഷായ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു
എന്നിങ്ങനെ ആറ് കുറ്റങ്ങളാണ് ഗ്യാനേഷിനെതിരെ ചുമത്തിയത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എം. എ. ബേബി, നേഹ ബോറ തുടങ്ങി നിരവധി നേതാക്കള്‍ പ്രതീകാത്മക പ്രതിഷേധത്തില്‍ പങ്കെടുത്തു.