കർണാടകയിലെ മഹാദേവപുരത്തെ ഉൾപ്പെടെ വോട്ട് മോഷണ ആരോപണത്തിലും, ബിഹാറിനായി പ്രത്യേക തീവ്ര പരിഷ്കരണം കൊണ്ടുവരുന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷമായ ഇൻഡ്യ മുന്നണി എംപിമാർ.
തിങ്കളാഴ്ച പകൽ 11.30ന് പാർലമെൻ്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന പ്രതിപക്ഷ എംപിമാരുടെ മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ആരോപണങ്ങൾ അന്വേഷിക്കാൻ രേഖകൾ ഹാജരാക്കണമെന്നാണ് ആവശ്യം. രാഹുൽ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയല്ലെന്നും കമ്മീഷൻ ആരോപിച്ചു. ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നൽകണമെന്നും കമ്മീഷൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നൽകിയുള്ള കമ്മീഷൻ്റെ പുതിയ നീക്കം.
അതേസമയം, വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ. ഇത് സഖ്യത്തിന്റെ കെട്ടുറപ്പ് കൂട്ടുമെന്നാണ് കരുതുന്നത്. എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. സുതാര്യവും കുറ്റമറ്റതുമായ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിച്ചെന്നും പുതിയ വോട്ടർമാർ ചേർക്കപ്പെടുന്നിടത്ത് എല്ലാം ബിജെപി ജയിക്കുന്നെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത ഒരു കോടി വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.