ബെംഗളൂരു: ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിച്ചെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പുതിയ വോട്ടർമാർ ചേർക്കപ്പെടുന്നിടത്തൊക്കെ ബിജെപി ജയിക്കുന്നെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത ഒരു കോടി വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധറാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുൽ ആരോപണമുന്നയിച്ചത്.
ബെംഗളൂരുവിൽ ലക്ഷങ്ങളെ അണിനിരത്തിയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിൻ്റെ പ്രസംഗം. "കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിച്ചു. മഹാത്മാഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരുടെ ചിന്തകളും ബസവണ്ണ, ഫൂലെ, നാരായണ ഗുരു എന്നിവരുടെ ചിന്തകളും ഈ പുസ്തകത്തിലുണ്ട്. 'ഒരു മനുഷ്യൻ, ഒരു വോട്ട്' എന്നതാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. നമ്മുടെ ഭരണഘടന ഓരോ പൗരനും ഒരു വോട്ടിനുള്ള അവകാശം നൽകുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളും പ്രധാനമന്ത്രി മോദിയും ഈ പുസ്തകത്തെ ആക്രമിക്കാൻ ശ്രമിച്ചു," രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് തോറ്റതോ, അതോ തോല്‍പ്പിച്ചതോ എന്നും രാഹുൽ ജനങ്ങളോട് ചോദിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാടെ തള്ളുകയാണ് ബിജെപി. രാഹുല്‍ തെറ്റായ രേഖകള്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് ബിജെപി പറയുന്നു. ആദ്യം ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച കോൺഗ്രസ്, ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെയാണ്. ഭീഷണിയുടെ ഭാഷ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉപയോഗിക്കാൻ പാടില്ല. രാഹുലിന്റെ അവതരണം വലിയ നുണകളെ അടിസ്ഥാനമാക്കിയെന്ന് ബിജെപി വക്താവ് ഭൂപേന്ദർ യാദവ് തിരിച്ചടിച്ചു.
രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ വിമർശനവുമായി ബിജെപി മീഡിയ സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി വിമർശനം. ആരോപണങ്ങളിൽ ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാഹുൽ എന്തുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് ചോദിച്ച അമിത് മാളവ്യ, ഇതൊരു വ്യാജ കേസാണെന്നും വാദിച്ചു.
"രാഹുൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്‌മൂലം സമർപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, ഇത് യഥാർഥ കേസല്ലെന്നത് വ്യക്തമാകും. വസ്തുതകൾ മറയ്ക്കാനും, ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ വെച്ചുപിടിപ്പിച്ച്, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്താൻ നിയോഗിക്കപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനും മാത്രമാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങൾ നടത്തുന്നത്. ഇത്തരം പെരുമാറ്റം അശ്രദ്ധവും നമ്മുടെ ജനാധിപത്യത്തിന് ഹാനികരവുമാണ്," അമിത് മാളവ്യ എക്സിൽ കുറിച്ചു.