ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്നും വീണ്ടും ശക്തമാവും. ഇന്ത്യാസഖ്യവും സിജെപിയും പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകളും രാജ്യതലസ്ഥാനം വളയും. ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ഉച്ചയ്ക്ക് ശേഷം കണക്ട് പ്ലേസിൽ നിന്ന് ആരംഭിക്കും.
ചലോ ഡൽഹി മാർച്ചിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും. രാഹുൽ ഗാന്ധിയും ഖർഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ല.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള വേർതിരിവ് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. പരാതികളുള്ളവർക്ക് ഹർജി നൽകാമെന്നും കോടതി അത് പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ്, ഇന്ത്യഗേറ്റ്, വിജയ് ചൗക്ക് തുടങ്ങിയിടങ്ങളിലേക്ക് പ്രതിപക്ഷ പോഷക സംഘടനകൾ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്നും തുടരും. പ്രതിഷേധം ശക്തമായതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇന്ത്യാസഖ്യ പാർട്ടികളുടെ നിരവധി പ്രവർത്തകരാണ് രാജ്യ തലസ്ഥാനത്തെത്തിയിട്ടുള്ളത്.
സുപ്രീംകോടതിയിലേക്ക് നടക്കുന്ന മാർച്ചിൽ വൻ ജനപങ്കാളിത്തം ഉണ്ടാകണമെന്ന് കെ.സി വേണുഗോപാൽ അഭ്യർഥിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനായുള്ള ജീവൻമരണ പോരാട്ടമാണിതെന്നും, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും അണിചേരണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആഹ്വാനം ചെയ്തു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകൾ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണി വരെ താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.