

ഡൽഹി: ഡൽഹി പൊലീസിന്റെ കസ്റ്റഡിൽ തനിക്ക് നേരിചേണ്ടി വന്നത് വലിയ ട്രോമയെന്ന് സിജെപി സ്ഥാപകൻ അഭിദജീത് ദീപ്കെ. തന്റെ മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന ഡൽഹി പൊലീസിൻ്റെ വാദം തള്ളിയായിരുന്നു ദീപ്കെയുടെ പ്രതികരണം. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ദീപ്കെ വെളിപ്പെടുത്തി.
ഡൽഹിയിലെ പൊലീസുകാർ യൂണിഫോമിട്ട ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും, മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും സിജെപി സ്ഥാപകൻ വ്യക്തമാക്കി. വലിയ ട്രോമയാണ് തനിക്ക് ഡൽഹി പൊലീസിൽ നിന്നുണ്ടായതെന്നും ദീപ്കെ വിവരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലേക്ക് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ വച്ചാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ തന്നെ അഭിജീത് ദീപ്കെയ്ക്ക് എല്ലാ സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തിരുന്നെന്നാണ് പൊലീസ് അവകാശപ്പെട്ടത്.
അതേ സമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഇന്ന് രാജ്യതലസ്ഥാനം യുദ്ധക്കളമായി മാറിയിരുന്നു. പ്രക്ഷോഭത്തിന് ഇറങ്ങിയ CJP- ഇടത് യുവജനസംഘടനാ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട്ടത്. കസ്റ്റഡിയിൽ എടുത്ത പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. നേതാക്കളേയും മാധ്യമപ്രവർത്തകരെയും തുടങ്ങി ക്രിസസ്ത്യൻ പുരോഹിതനെ വരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രക്ഷോഭം നേരിടാൻ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച സുപ്രീം കോടതി സമാധാനമായി പ്രതിഷേധിക്കാൻ അനുമതി നൽകണം എന്ന് നിർദേശിച്ചു.