ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിൻ്റെ ഭാഗമായി ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് മൂന്ന് വർഷത്തെ ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ. 11% മുതൽ 12% വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്.
സേഫ്ഗാർഡ് ഡ്യൂട്ടി എന്നറിയപ്പെടുന്ന ലെവി ആദ്യത്തെ വർഷം 12% , രണ്ടാം വർഷം 11.5%, മൂന്നാം വർഷം 11% എന്നിങ്ങനെയാണ് ചുമത്തുക. ചില വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് ലെവി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചൈന, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ലെവി ബാധകമായിരിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള പ്രത്യേക സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് ഈ ലെവി ബാധകമല്ല.
വിലകുറഞ്ഞ ഇറക്കുമതിയും നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളും കാരണം ആഭ്യന്തര ഉരുക്ക് വ്യവസായത്തിന് ഒരു ആഘാതവും നേരിടേണ്ടി വരരുതെന്ന് ഫെഡറൽ ഉരുക്ക് മന്ത്രാലയം മുമ്പ് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ സർക്കാർ 200 ദിവസത്തേക്ക് 12% താൽക്കാലിക താരിഫ് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യം ദക്ഷിണ കൊറിയ, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളും ആൻ്റി-ഡംപിംഗ് ലെവികൾ ചുമത്തിയിരുന്നു.