

4.18 ട്രില്യൺ യുഎസ് ഡോളർ ജിഡിപി മൂല്യത്തോടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും 2030 ഓടെ ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും കേന്ദ്ര സർക്കാർ. ഇതോടെ, തുടർച്ചയായ വളർച്ചയോടൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ കൂടിയായി മാറിക്കഴിഞ്ഞു ഇന്ത്യ.
2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ 7.8 ശതമാനത്തിൽ നിന്നും നാലാം പാദത്തിലെ 7.4 ശതമാനത്തിൽ നിന്നുമാണ് രണ്ടാം പാദത്തിലെത്തിയപ്പോഴുള്ള ഈ വളർച്ച.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ അമേരിക്കയുടേതാണ്. തൊട്ടു പിന്നിൽ ചൈനയും മൂന്നാം സ്ഥാനത്ത് ജർമ്മനിയുമാണ്. 2025-26 ലെ രണ്ടാം പാദത്തിൽ ഇന്ത്യക്കുണ്ടായ ജിഡിപി വളർച്ചാ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ പ്രതിരോധശേഷിയാണ് വളർച്ച പ്രതിഫലിപ്പിക്കുന്നത്.
പണപ്പെരുപ്പം ലോവർ ടോളറൻസ് പരിധിക്ക് താഴെയാണെന്നും, തൊഴിലില്ലായ്മ കുറഞ്ഞുവരുന്ന പാതയിലാണ് രാജ്യമെന്നും, കയറ്റുമതി മെച്ചപ്പെട്ടുവരുന്നതായും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, വാണിജ്യ മേഖലയിലേക്കുള്ള ശക്തമായ വായ്പാ പ്രവാഹം മൂലം സാമ്പത്തിക സ്ഥിതി സുഗമമായി തുടരുന്നതായും നഗര ഉപഭോഗം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഡിമാൻഡ് അതേ നിലയിൽ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.