Diya Mirza News Malayalam 24x7
NATIONAL

'ഇന്ത്യ ഒരു മതേതര രാജ്യമാണ്'; രാഷ്ട്രീയക്കാരുടെ അധിക്ഷേപത്തിൽ വേദന; നടി ദിയ മിർസയുടെ ദീപാവലി വീഡിയോ പുനഃസ്ഥാപിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

പുകമലിനീകരണവും പടക്കങ്ങളും ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ദീപാവലി ആഘോഷിക്കണമെന്ന് മുംബൈ നഗരസഭയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോയിലൂടെയായിരുന്നു പരിസ്ഥിതി പ്രവർത്തക കൂടിയായ ദിയ മിർസ അഭ്യർത്ഥിച്ചത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ ബോളിവുഡ് നടി ദിയ മിർസയ്‌ക്കെതിരെ ഭരണകക്ഷി രാഷ്ട്രീയ നേതാക്കൾ നടത്തിയ വർഗ്ഗീയ പരാമർശങ്ങളിലും അധിക്ഷേപങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. "ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്" ഭരണഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച കോടതി, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബിഎംസി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്ത നടിയുടെ ബോധവൽക്കരണ വീഡിയോ ഉടനടി തിരികെ അപ്‌ലോഡ് ചെയ്ത് പുനഃസ്ഥാപിക്കാൻ കർശന ഉത്തരവിട്ടു.

പുകമലിനീകരണവും പടക്കങ്ങളും ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ദീപാവലി ആഘോഷിക്കണമെന്ന് മുംബൈ നഗരസഭയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോയിലൂടെയായിരുന്നു പരിസ്ഥിതി പ്രവർത്തക കൂടിയായ ദിയ മിർസ അഭ്യർത്ഥിച്ചത്. എന്നാൽ, ഹിന്ദു ഉത്സവങ്ങളെ മാത്രം ലക്ഷ്യമിട്ട് മലിനീകരണത്തിന്റെ പേരിൽ ഉപദേശങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ഹിന്ദുവിരുദ്ധമാണെന്നും ആരോപിച്ച് മുംബൈ മേയർ ഋതു താവ്‌ഡെയും ബിജെപി നേതാക്കളും രംഗത്തെത്തുകയായിരുന്നു.

ഭരണകക്ഷി നേതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് തിങ്കളാഴ്ച ബിഎംസി തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ വീഡിയോ ധൃതിപിടിച്ച് പിൻവലിക്കുകയായിരുന്നു. എന്നാൽ, പരിസ്ഥിതി ബോധവൽക്കരണം നടത്തിയ ഒരു കലാകാരിക്കെതിരെ രാഷ്ട്രീയ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തിയതിലും അതിന് വഴങ്ങി നഗരസഭ വീഡിയോ നീക്കം ചെയ്തതിലും കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങൾ നിർഭാഗ്യകരമാണെന്നും, വായുമലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താൻ ഏത് പൗരനും അവകാശമുണ്ടെന്നും നിരീക്ഷിച്ച കോടതി, നീക്കം ചെയ്ത വീഡിയോ പൂർണ്ണരൂപത്തിൽ തന്നെ അടിയന്തരമായി ഔദ്യോഗിക അക്കൗണ്ടുകളിൽ റീ അപ്‌ലോഡ് ചെയ്യാൻ ബിഎംസിക്ക് നിർദ്ദേശം നൽകുകയായിരുന്നു. വർഗ്ഗീയ ചേരിതിരിവുകൾ ഉണ്ടാക്കി ബോധവൽക്കരണ കാമ്പയിനുകളെ അട്ടിമറിക്കാൻ ശ്രമിച്ച രാഷ്ട്രീയ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമായാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ് വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT