മുംബൈ: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ്റെ പ്രസ്താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും, ഇന്ത്യൻ വിമാനങ്ങൾ പാക് സെന്യം വെടിവെച്ചിട്ടെന്നുമായിരുന്നു പൃഥ്വിരാജ് ചവാൻ്റെ പ്രസ്താവന.
"ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിവസംതന്നെ ഇന്ത്യ പൂർണമായും പരാജയപ്പെട്ടു. ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പൂർണമായും പരാജയപ്പെട്ടു എന്നത് വാസ്തവമാണ്. ഇന്ത്യൻ വിമാനങ്ങൾ പാക് സൈന്യം വെടിവച്ചിട്ടു. ഇന്ത്യൻ സെന്യത്തിൻ്റെ ഒരു വിമാനം പോലും പറന്നില്ല," ചവാൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ സൈന്യത്തിന് ഒരു കിലോമീറ്റർ പോലും നീക്കം നടത്താൻ സാധിച്ചില്ല. മിസൈൽ യുദ്ധം മാത്രമായിരുന്നു അന്ന് നടന്നത്. ഭാവിയിലും ഇതേരീതിയിൽ യുദ്ധങ്ങൾ നടക്കും. അത്തരമൊരു സാഹചര്യത്തിൽ, 12 ലക്ഷം സൈനികരുടെ ഒരു സൈന്യത്തെ നമുക്ക് നിലനിർത്തേണ്ടതുണ്ടോ, അതോ അവരെക്കൊണ്ട് മറ്റെന്തെങ്കിലും ജോലി ചെയ്യിപ്പിക്കാൻ കഴിയുമോ?" എന്നും മുതിർന്ന കോൺഗ്രസ് നേതാവായ പൃഥ്വിരാജ് ചവാൻ ചോദിച്ചു.
പൃഥ്വിരാജ് ചവാൻ്റെ പ്രതികരണം വൻ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. സൈന്യത്തെ അപമാനിക്കുന്നത് കോൺഗ്രസിന്റെ മുഖമുദ്രയായി മാറിയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു. എന്നാൽ താൻ തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നും, ആയതിനാൽ തന്നെ തൻ്റെ പ്രസ്താവനയ്ക്ക് മാപ്പു പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
"നമ്മുടെ സൈന്യത്തിൻ്റെ വീര്യം ദുരുപയോഗം ചെയ്യാൻ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവർക്ക് ഒരിക്കലും രാജ്യത്തിൻ്റെ താൽപ്പര്യത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല," കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. കോൺഗ്രസ് പാകിസ്ഥാൻ അനുകൂലികൾ ആണെന്നും, കോൺഗ്രസുകാർ ഇത്തരം പ്രസ്താവനകളിലൂടെ രാജ്യത്തെ അപമാനിക്കുകയും ചെയ്യുകയാണെന്നും ബിജെപി രാജ്യസഭാ എംപിയും മുൻ ഉത്തർപ്രദേശ് പൊലീസ് മേധാവിയുമായ ബ്രിജ് ലാലും ചവാൻ വിമർശിച്ചു.
അതേസമയം, ചവാൻ്റെ പ്രസ്താവനകളിൽ കോൺഗ്രസ് യാതൊരുവിധ പ്രതികരണവും നടത്തിയില്ല. ചവാൻ്റെ അവകാശവാദങ്ങളെ വിശദീകരിക്കാൻ ചവാനെ മാത്രമേ കഴിയൂ എന്ന് ജാർഖണ്ഡ് ലോക്‌സഭാ എംപി സുഖ്‌ദിയോ ഭഗത് പറഞ്ഞു. കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും, സൈന്യത്തെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും സുഖ്‌ദിയോ ഭഗത് വ്യക്തമാക്കി.