നേപ്യിഡോ: മ്യാൻമറിൽ സൈന്യം തടങ്കലിലാക്കിയ ജനാധിപത്യ അവകാശ പ്രവർത്തകയും നോബേൽ പുരസ്കാര ജേതാവുമായ ഓങ് സാൻ സൂ ചി ആരോഗ്യവതിയാണെന്ന് മ്യാൻമർ സൈനിക ഭരണകൂടം. സൂ ചി മരിച്ചിട്ടുണ്ടാകാമെന്ന് മകൻ കിം ആരിസ് പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെയാണ് ഭരണകൂടം നിർണായക വിവരം പുറത്തുവിട്ടത്.
"അവർ ആരോഗ്യവതിയാണെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാൽ അത് സാധൂകരിക്കുന്ന തെളിവ് നൽകാൻ അവർ വിസമ്മതിക്കുന്നു. സമീപകാല ഫോട്ടോയില്ല, മെഡിക്കൽ സ്ഥിരീകരണമില്ല, കുടുംബാംഗങ്ങൾക്കോ ഡോക്ടർമാർക്കോ അന്താരാഷ്ട്ര നിരീക്ഷകർക്കോ പ്രവേശനം ഇല്ല. അവർ ശരിക്കും സുഖമാണെങ്കിൽ, അവർക്ക് അത് തെളിയിക്കാൻ കഴിയും," ഭരണകൂടത്തിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോളം മകൻ കിം ആരിസ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷമായി അമ്മയെ കാണാനോ സംസാരിക്കാനോ സാധിച്ചില്ലെന്നും, അവർ മരിച്ചിട്ടുണ്ടാകുമെന്നും ആയിരുന്നു മകൻ കിം ആരിസിൻ്റെ പ്രതികരണം. രാജ്യദ്രോഹം, അഴിമതി, തെരഞ്ഞെടുപ്പ് ക്രമക്കേട് ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി 27 വർഷത്തെ തടവ് ശിക്ഷയാണ് സൂ ചിക്ക് സൈനിക ഭരണകൂടം വിധിച്ചത്.
സൂ ചി നേപ്യിഡോയിലെ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അവരെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം വീണ്ടും അട്ടിമറിച്ചത് മുതൽ നാഷനൽ ലീഗ് ഫോർ ഡെമോക്രസി നേതാവായ ഓങ് സാൻ സൂ ചിയെ തടവിലാക്കുകയായിരുന്നു.