ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. യുഎസ് സമ്മർദ്ദത്തെ തുടർന്ന് 2019 മുതൽ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടായിരുന്നില്ല.
മധ്യേഷ്യയിലെ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറക്കുമതിക്ക് പണം നൽകുന്നതിൽ തടസമൊന്നും നേരിട്ടിട്ടില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം ആണ് എണ്ണ വിതരണത്തിലെ പ്രതിസന്ധി മറികടക്കുന്നതിന് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചത്. വരും മാസങ്ങളിൽ ആവശ്യമായ മുഴുവൻ എണ്ണയും ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.