Source: x
NATIONAL

ഇന്ത്യ അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമാകുന്നു: റഷ്യൻ എണ്ണയുടെ പിഴത്തീരുവ 25 % നീക്കിയതായി യുഎസ്

യുഎസിൽ നിന്നുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കും

Author : വിന്നി പ്രകാശ്

ഇന്ത്യ അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി ഇന്ത്യയും അമേരിക്കയും. വ്യാപാര കരാറിൻ്റെ രൂപ രേഖ തയ്യാറായിട്ടുള്ളതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാര കരാർ ആയതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25% പിഴത്തീരുവയും യുഎസ് ഒഴിവാക്കി. യുഎസിൽ നിന്നുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള പകര ചുങ്കം അമേരിക്കയും കുറയ്ക്കും. പരസ്പരം താൽപര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും സുസ്ഥിരമായ വിപണി സാധ്യതയും തുറക്കും.

കരാറിൻ്റെ ഗുണങ്ങൾ ഇരുരാജ്യങ്ങൾക്കും ഉറപ്പാക്കുന്ന നിയമങ്ങളാണ് കരാറിൻ്റെ ഭാഗമായി നിർമിക്കുക. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പരമാവധി 18 % ശതമാനം തീരുവയാണ് ഏർപ്പെടുത്തുകയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

കരാർ അനുസരിച്ച്, 5 വർഷത്തിൽ 50,000കോടി ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. വിമാനഭാഗങ്ങൾക്കടക്കം ഇന്ത്യക്കുമേലുള്ള അധിക തീരുവ അമേരിക്ക കുറയ്ക്കും. ഇന്ത്യൻ അരിയ്ക്ക് മുൻഗണന നൽകുമെന്നും യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കരാർ ഇന്ത്യക്ക് വൻ കയറ്റുമതി സാധ്യത തുറക്കുന്നതാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.

SCROLL FOR NEXT