പാക് ഒക്യുപൈഡ് കശ്മീരിലടക്കം നിരവധി പാക് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകി  Source: IAF_MCC/X
NATIONAL

ആകെ ഉപയോഗിച്ചത് 50ല്‍ താഴെ ആയുധങ്ങള്‍; പാകിസ്ഥാനെ നമ്മുടെ മേശയ്ക്കു മുന്നില്‍ എത്തിക്കാനായി: വൈസ് ചീഫ് എയര്‍ മാര്‍ഷല്‍

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രവർത്തനം യഥാര്‍ഥത്തില്‍ പഠനവിഷയമാക്കേണ്ടതാണ്

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് ഇന്ത്യ. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടു വരാന്‍ സാധിച്ചെന്ന് ഐഎഎഫ് വൈസ് ചീഫ് എയര്‍ മാര്‍ഷന്‍ നര്‍മദേശ്വര്‍ തിവാരി. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ നടപടികള്‍ ഗവേഷര്‍ക്ക് പഠനവിഷയമാക്കാവുന്നതാണെന്നും വൈസ് ചീഫ് പറഞ്ഞു.

'വ്യോമ ശക്തിയുടെ ചെലവിനെക്കുറിച്ചും ലാഭത്തെക്കുറിച്ചുമെല്ലാം നമ്മള്‍ തന്നെ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന് പക്ഷെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറില്‍ ചെയ്തത് തന്നെയാണ് ചെലവ് ചുരുക്കലിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. വെറും 50ല്‍ താഴെ ആയുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പാകിസ്ഥാനെ ചര്‍ച്ചയ്ക്കായി നമ്മുടെ മേശയ്ക്ക് മുന്നില്‍ എത്തിച്ചത്. ഇത് യഥാര്‍ഥത്തില്‍ പഠനവിഷയമാക്കേണ്ടതാണ്,' എയറോ സ്‌പേസ് പവര്‍ സെമിനാറില്‍ സംസാരിക്കവെ തിവാരി പറഞ്ഞു.

യുദ്ധമുഖ സാഹചര്യം ഒക്കെ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ ഭാവിയില്‍ നമുക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള യോദ്ധാക്കളെയും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള യോദ്ധാക്കളെയും ഗവേഷക യോദ്ധക്കളെയും ഒക്കെ ആവശ്യമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ആവശ്യപ്പെട്ടു.

സൈന്യം എപ്പോഴും ഓപ്പറേഷണല്‍ പരിപാടികള്‍ നടത്തുന്നതിനായി ജാഗരൂകരായിരിക്കുമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പോലും ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. 24 മണിക്കൂറും, 265 ദിവസവും നമ്മള്‍ ഒരു പ്രതിസന്ധി വന്നാല്‍ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നും ചൗഹാന്‍ പറഞ്ഞു.

മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിലടെയാണ് ഇന്ത്യ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കിയത്. ഏപ്രില്‍ 22നായിരുന്നു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ പാക് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. 26 നിരപരാധികള്‍ക്കാണ് അന്ന് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

SCROLL FOR NEXT