കാർഗിലിൽ നുഴഞ്ഞുകയറ്റക്കാരെ നിഷ്പ്രഭമാക്കിയ ഐതിഹാസിക യുദ്ധസ്മരണയ്ക്ക് ഇന്ന് 26 വയസ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. രണ്ടരമാസത്തോളമാണ് ഓപ്പറേഷൻ വിജയ് നീണ്ടത്. അതിൽ രാജ്യത്തിന് നഷ്ടമായത് 527 സൈനികരെയാണ്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറി പിടിച്ചടക്കിയ കാർഗിലിലെ ഉയർന്ന പോസ്റ്റുകളടക്കം മൂന്ന് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു.
ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായിരുന്നു കാർഗിൽ യുദ്ധം. 1999 മെയ് മാസത്തിലാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടം ആരംഭിച്ചത്. ദ്രാസിൽ മഞ്ഞിന്റെ മറവിലൂടെ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സൈന്യത്തെ ആടിനെ മേയ്‌ക്കാൻ എത്തിയ താഷി നഗ്യാൻ എന്ന ആട്ടിടയിനാണ് കണ്ടെത്തിയത്. താഷി വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചപ്പോഴേക്കും സമുദ്രനിരപ്പിൽ നിന്ന് 16,000 മുതൽ 18,000 അടിവരെ ഉയരമുള്ള പ്രദേശങ്ങളെല്ലാം പാകിസ്താൻ സൈന്യത്തിന്റെ കൈപ്പിടിയിലായി. തന്ത്രപ്രധാന മേഖലയായ ടൈഗർ ഹില്ലിലടക്കം പാകിസ്ഥാൻ സൈന്യം എത്തി. പിന്നീട് കണ്ടത് അതിശക്തമായ പോരാട്ടമായിരുന്നു. ജൂലൈ എട്ടിന് ടൈഗർ ഹിൽ തിരിച്ചുപിടിക്കാനായതാണ് കാർഗിലിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് സഹായകരമായത്.
ജൂലൈ 14ന് പാകിസ്ഥാനുമേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. 527 സൈനികരാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്കായി വീരമൃത്യു വരിച്ചത്. 1998 നവംബറിൽ പ്രതികൂല കാലാവസ്ഥ മറയാക്കിയായിരുന്നു പാകിസ്ഥാൻ നുഴഞ്ഞുകയറ്റം ആരംഭിച്ചത്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയായിരുന്നു പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമമാരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാൻ്റെ നുഴഞ്ഞുകയറ്റം. തീവ്രവാദികളുടെ വേഷത്തിൽ പട്ടാളക്കാരെ അതിർത്തി കടത്തി ശ്രീനഗർ കാർഗിൽ ഹൈവേ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. 1999 മുതൽ ജൂലൈ 26 കാർഗിൽ വിജയ് ദിവസായി ഇന്ത്യ ആചരിക്കുകയാണ്.