രാജ്യത്തെ സെൻസസ് 2027ൽ നടക്കുമെന്ന് റിപ്പോർട്ട്. അടുത്ത സെൻസസ് 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ജനസംഖ്യയുടെ സമഗ്ര റിപ്പോർട്ടും, നിർണായക സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും 2027ലെ സെൻസസ്. ജാതി, ഉപജാതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യവും അടുത്ത സെൻസസിൽ ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
2011-ലാണ് അവസാനമായി ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. സാധാരണയായി 10 വർഷം കൂടുമ്പോൾ സർക്കാർ സെൻസസ് നടത്താറുണ്ട്. 2021ൽ നടക്കേണ്ട സെൻസസ് കൊറോണ വ്യാപനം മൂലം മാറ്റിവെയ്ക്കുകയായിരുന്നു. ഇതോടെയാണ് സെൻസസിൽ 16 വർഷത്തെ ഇടവേളയുണ്ടായത്.
അടുത്ത തവണ ജാതി സെൻസസ് ഉണ്ടാകുമെന്ന് കഴിഞ്ഞ ഏപ്രിൽ 30 ന് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. പ്രതിപക്ഷത്തിൻ്റെ നിരന്തരവും ശക്തവുമായ ആവശ്യത്തിന് പിന്നാലെയാണ് സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ ജനസംഖ്യയുടെ 63 ശതമാനത്തിലധികവും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഫലപ്രദമായ നയരൂപീകരണത്തിന് കൃത്യവും കാലികവുമായ കണക്കുകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് സെൻസസ് നടത്തണമെന്നും പ്രതിപക്ഷം നേരത്തെ വാദിച്ചിരുന്നു.
2027ൽ സെൻസസ് ആരംഭിക്കാനാണ് പദ്ധതിയെങ്കിലും ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മഞ്ഞുവീഴ്ചയുണ്ടാവാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2026 ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.